
തിരുവനന്തപുരം : ക്ഷേമ പെൻഷൻ കൈക്കൂലിയാക്കിയെന്ന കെ. സി വേണുഗോപാലിന്‍റെ പ്രസ്താവന നിലമ്പൂരിൽ ആയുധമാക്കി സിപിഎം. യുഡിഎഫ് പ്രസ്താവന പാവങ്ങളെ അപമാനിക്കലാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ തിരിച്ചടിച്ചു. എന്നാൽ ക്ഷേമിനിധി ബോർഡുകൾക്കുള്ള കോടികളുടെ കുടിശ്ശിക മറച്ച് വെക്കാൻ പ്രസ്താവന വളച്ചൊടിക്കുകയാണെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി.
തെരഞ്ഞെടുപ്പ് കാലം നോക്കി ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു കെസി വേണുഗോപാൽ നിലമ്പൂരിലെ കൺവെൻഷനിൽ സർക്കാറിനെ വിമർശിച്ചത്. സാധാരണ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുകയാണെന്നും അത് മറച്ച് വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു വിമർശനം. എന്നാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ തീരുമാനിച്ചതാണ് പെൻഷൻ കുടിശ്ശിക വിതരണമെന്നും പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് അപമാനിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ താൻ പറഞ്ഞതിനെ വളച്ചൊടിച്ചെന്നും വിവിധ ക്ഷേമനിധി ബോർഡുകൾക്ക് കോടികളുടെ കുടിശ്ശികയുണ്ടെന്നും അത് ഇനിയും പറയുമന്നും കെസി വണുഗോപാൽ പറഞ്ഞു.
വേണുഗോപാലിന്‍റെ പ്രസ്ഥാവന ആയുധമാക്കി മണ്ഡലത്തിൽ ഇടത് മുന്നണി വ്യാപക പ്രചാരണം നത്തുന്നുണ്ട്. സർക്കാറിന്‍റെ കെടുകാര്യസ്ഥതയും ധൂർത്തും തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനായിരുന്നു തുടക്കം മുതൽ യുഡഎഫ് ശ്രമിക്കുന്നത്. വിവിധ ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ നൽകാനുള്ള കോടികളുടെ കണക്കും മണ്ഡലത്തിൽ യുഡിഎഫ് പുറത്തുവിടുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് രണ്ട് മാസത്തെ കുടിശ്ശിക ഒരുമിച്ച് നൽകുന്നത് സാധാരണ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന ആശങ്കയും യുഡിഎഫിനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam