
കൊല്ലം: മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതിൽ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് എംഎൽഎ. ഗോഡ് ഫാദർ സിനിമയിലെ എൻ എൻ പിള്ളയുടെ കഥാപാത്രമായ അഞ്ഞൂറാൻ്റെ വീഡിയോ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് സി ആർ മഹേഷ് അമർഷം അറിയിച്ചത്. "മറക്കണോ, പഴയതൊക്കെ മറക്കണോ, എന്തൊക്കെയാഡോ ഞാൻ മറക്കേണ്ടത്, പറയന്ന്..." എന്ന സംഭാഷത്തോടുകൂടിയ വീഡിയോ പങ്കുവെച്ചാണ് സർക്കാർ നിലപാടിനെതിരായ സി ആർ മഹേഷിൻ്റെ ഒളിയമ്പ്. ബാക്കി പിന്നീട് പറയുമെന്നും എംഎൽഎ ഫേസ്ബുക്കിൽ സൂചിപ്പിച്ചിട്ടുണ്ട്.
സർക്കാർ നിലപാടിനെതിരെ കോൺഗ്രസിൽ കടുത്ത അമർഷം പുകയുന്നതിനിടെ ആണ് സി ആർ മഹേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഒന്നും മറക്കില്ലെന്ന് കുറിച്ച് അണികളും സജീവമായിട്ടുണ്ട്. നേരത്തെ, സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടൻ എംഎൽഎയും ജിന്റോ ജോണും പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഉമ്മൻ ചാണ്ടിക്ക് എൽഡിഎഫ് സർക്കാർ നൽകാത്ത നീതി എന്തിനാണ് പിണറായിക്ക് നൽകുന്നതെന്ന് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മാത്യു കുഴൽനാടൻ തുറന്നടിച്ചിരുന്നു. പിണറായി ഭരണത്തിൽ ഉമ്മൻ ചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളെ എന്ന ചോദ്യവുമായാണ് ജിൻ്റോ ജോൺ രംഗത്തെത്തിയത്. വി ഡി സതീശനെതിരായ പുനർജനി കേസടക്കം ചൂണ്ടിക്കാട്ടിയ ജിൻ്റോ ജോൺ, കടത്ത് കടന്ന് കര പറ്റിയാൽ തോണി പുഴയിൽ മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാർധക്യസഹജമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ എജി ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam