സംസ്കാരത്തെ ചൊല്ലി തർക്കം: ഇന്നലെ മരിച്ച കൊവിഡ് രോഗിയുടെ സംസ്കാരം നീളുന്നു

By Web TeamFirst Published Jun 9, 2020, 10:35 PM IST
Highlights

ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപ്പറമ്പ് പള്ളിയിലെ സെമിത്തേരിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. 

തൃശ്ശൂർ: ഇന്നലെ തൃശ്ശൂരിൽ മരിച്ച കൊവിഡ് രോഗിയുടെ സംസ്കാരം നീളുന്നു. ചാലക്കുടി സ്വദേശി ഡിനിയുടെ സംസ്കാരമാണ് ബന്ധുക്കളും പള്ളി അധികൃതരും തമ്മിലുള്ള തർക്കത്തെ തുടർന്ന് നീളുന്നത്. 

ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപ്പറമ്പ് പള്ളിയിലെ സെമിത്തേരിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാൽ പള്ളിയിൽ അറകൾ ഉള്ള സെമിത്തേരി ആയതിനാൽ ഇതു നടക്കില്ലെന്ന നിലപാടാണ് പള്ളി അധികൃതർ സ്വീകരിച്ചത്. ചതുപ്പ് നിലമുള്ള ഈ പ്രദേശത്ത് അങ്ങനെ കുഴിയെടുക്കുന്നത് ശരിയല്ലെന്നും പള്ളികമ്മിറ്റി അറിയിക്കുന്നു.  

പള്ളി പറമ്പിൽ സംസ്കരിക്കണമെന്ന് ബന്ധുക്കളും അവിടെ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പള്ളി കമ്മിറ്റിയും നിലപാട് എടുത്തതോടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മരണപ്പെട്ട ഡിനിയുടെ സംസ്കാരം  അനന്തമായി നീളുന്നത്. പള്ളി അങ്കണത്തിൽ കുഴിയെടുക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അഞ്ചടി താഴ്ചയിൽ കുഴിയെടുത്താൽ തന്നെ വെള്ളം കാണുന്ന സ്ഥലത്ത് ഇതു നടക്കില്ലെന്നാണ് പള്ളി കമ്മിറ്റിയുടേയും നാട്ടുകാരുടേയും നിലപാട്. കോൺ​ക്രീറ്റ് അറയിൽ മൃതദേഹം അടയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പത്തടി ആഴത്തിൽ കുഴിയെടുത്ത് വേണം മരണപ്പെട്ടയാളെ സംസ്കരിക്കാൻ. അല്ലെങ്കിൽ മൃതദേഹം ദഹിപ്പിക്കണം. 

ഡിനിയുടെ മൃതദേഹം ഇപ്പോഴും തൃശ്ശൂർ മെഡിക്കൽ കോളേജിലാണുള്ളത്. മെയ് 16 ന് മാലിദ്വീപിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ ക്വാറന്റീനിൽ കഴിയവേ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര വൃക്കരോഗവും ശ്വാസ തടസ്സവുമുണ്ടായിരുന്നതിനാൽ വെന്റിലേറ്ററിലാണ് ഡിനി കഴി‍ഞ്ഞിരുന്നത്.

click me!