
കൽപ്പറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന ജനപ്രതിനിധികൾക്ക് ഫോൺ കോൾ ചെയ്ത് മന്ത്രിസ്ഥാനവും ഉന്നത പദവികളും വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഒരു ഡൽഹി സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താനായി കേരള പൊലീസിന്റെ പ്രത്യേക സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട്, വയനാട് ജില്ലകളിലെ സൈബർ പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി ഡി.എസ്. രാജ്‌കുമാർ ഡി.ജി.പിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
യു.ഡി.എഫ് ജനപ്രതിനിധികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും തട്ടിപ്പ് സംഘം വലവീശിയത്. ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്ക് ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് നേരത്തെ ഫോൺ കോളുകൾ എത്തിയിരുന്നു. കഴിഞ്ഞ ദിവസം എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനും തട്ടിപ്പ് സംഘത്തിന്റെ ഫോൺ കോൾ ലഭിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ശരിയാക്കിത്തരാമെന്നുമായിരുന്നു വാഗ്ദാനം. വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പ് വഴിയാണ് വിദ്യയ്ക്ക് കോൾ എത്തിയത്. സംശയം തോന്നിയ എം.എൽ.എ ഉടൻ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെടുകയും തട്ടിപ്പ് ബോധ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് മനസ്സിലായത്തോടെ വിദ്യ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam