
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റ് പ്രതിയായതോടെ സിഎസ്ആര്‍ തട്ടിപ്പ് രാഷ്ട്രീയ വിവാദമായി മാറി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വരെയുള്ളവര്‍ക്കൊപ്പം ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യപ്രതി അനന്തുകൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്. ഇതിനിടെ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സംഘടന ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണം മടക്കി നല്‍കാന്‍ നടപടി തുടങ്ങി.
മുഖ്യപ്രതി അനന്തുകൃഷ്ണന്‍റെ നിയമോപദേഷ്ടാവായിരുന്നു ലാലി വിന്‍സെന്‍റ്. അനന്തുകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത പല യോഗങ്ങളിലും സജീവ സാന്നിധ്യമായി കെപിസിസി മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ ലാലി ഉണ്ടായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. നിയമോപദേഷ്ടാവ് എന്നതിനപ്പുറം തട്ടിപ്പില്‍ പങ്കില്ലെന്നാണ് ലാലിയുടെ വിശദീകരണം.
ശതകോടികളുടെ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് മാത്രമാണ് ഇതുവരെ പ്രതിയായത്. അനന്തുകൃഷ്ണന്‍റെ തട്ടിപ്പില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ പെട്ടു പോയെന്ന് വ്യക്തം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമെല്ലാമൊത്തുളള അനന്തുകൃഷ്ണന്‍റെ ചിത്രങ്ങള്‍ പുറത്തു വന്നു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് അനന്തുകൃഷ്ണന്‍ സാധാരണക്കാരുടെ വിശ്വാസം നേടിയിരുന്നത്.
തിരുവനന്തപുരത്തെ സായി ഗ്രാമത്തിന്‍റെ മേധാവി കെഎന്‍. അനന്തകുമാറും കേസില്‍ പ്രതിയായിട്ടുണ്ട്. എന്നാൽ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് സംശയം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ആറു മാസം മുമ്പ് അനന്തുവിന്‍റെ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു എന്നാണ് അനന്തകുമാറിന്‍റെ വിശദീകരണം. തട്ടിപ്പ് പുറത്തു വന്നതോടെ നാട്ടുകാരില്‍ നിന്ന് വാങ്ങിയ പണം മടക്കി നല്‍കി മുഖം രക്ഷിക്കാനുളള ശ്രമത്തിലാണ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന കൊച്ചിയിലെ സൈന്‍ എന്ന സംഘടന. ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണത്തിനു പകരം ചെക്കാണ് മടക്കി നല്‍കിയിരിക്കുന്നത്.
അനന്തു കൃഷ്ണന്‍ തട്ടിപ്പുകാരനായിരുന്നു എന്നറിയാതെയാണ് അയാള്‍ക്കൊപ്പം വേദികളില്‍ എത്തിയതെന്നാണ് മിക്ക നേതാക്കളും വിശദീകരിക്കുന്നത്. പക്ഷേ ഇത്രയും വലിയ തട്ടിപ്പു നടത്തിയൊരാള്‍ക്ക് എങ്ങിനെ ജനനേതാക്കളുമായി സൗഹൃദം സ്ഥാപിക്കാനായെന്ന ചോദ്യം ബാക്കിയാണ്.