
തിരുവനന്തപുരം: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവനയിൽ ഒടുവിൽ ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. കേസെടുക്കാൻ വൈകിയതിൽ ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി. ജി. മോഹൻ ദാസ് നടത്തിയത് ഹീനമായ പരാമർശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു.
ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ. പിന്നാലെ പരാതി പ്രളയം. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായി. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിന്‍റെ കേസ്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്ന് എഫ്ഐആർ. കേസെടുക്കാൻ വൈകരുതെന്ന് കോൺഗ്രസിനുളളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നതിന് പിന്നാലെയാണ് നടപടി. ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു.
മോഹൻദാസിൻരെ എറണാകുളത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ഗാന്ധിചിത്രവുമായി പ്രതിഷേധിച്ചു. സംഘപരിവാർ ആശയപ്രചാരകനായ മോഹൻദാസിന്‍റെ നിലപാടുകൾ ആർഎസ്എസും തളളിയിരുന്നു. ആർഎസ്എസ് ചുമതലയിൽ മോഹൻദാസ് ഇല്ലെന്നും അഭിപ്രായങ്ങൾ അപലനീയമെന്നുമായിരുന്നു വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam