
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മോൻതാ ചുഴലിക്കാറ്റ് നീങ്ങിയാൽ കേരളത്തിൽ മഴയുടെ ശക്തി കുറയും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ
കുറവുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇന്ന് (ഒക്ടോബര്‍ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.
തൃശ്ശൂർ: പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് ഒക്ടോബർ 28 ന് (ഇന്ന്) അവധി പ്രഖ്യാപിച്ച് തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ജനത്തിരക്കും പരിഗണിച്ചാണ് അവധി പ്രഖ്യാപനം. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടി ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും ഉപഡയറക്ടർ അറിയിച്ചു.
സ്കൂൾ കായികമേളയുടെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്കുശേഷം (28.10.2025) തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്റ്റേറ്റ് സിലബസിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒളിമ്പിക്സ് മാതൃകയിലുള്ള 67ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21നാണ് ആരഭിച്ചത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam