
കോട്ടയം: മറിയപ്പളളിക്കടുത്ത് മുട്ടത്ത് വൃദ്ധ മാതാവിനെയും മധ്യവയസ്കനായ മകനെയും വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം പോര്‍ട്ടിനടുത്തുള്ള കളത്തുപറമ്പില്‍ വീട്ടിലെ രാജമ്മയും മകന്‍ സുഭാഷുമാണ് മരിച്ചത്. ദീര്‍ഘനാളായി കിടപ്പ് രോഗിയായിരുന്ന രാജമ്മയെ ഇന്ന് പുലര്‍ച്ചെ ഇളയമകന്‍ മധു വിളിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ കിടന്ന മൂത്ത സഹോദരന്‍ സുഭാഷിനെ മധു വിളിച്ചു. എന്നാല്‍ സുഭാഷിനും ഈ സമയം അനക്കമുണ്ടായിരുന്നില്ല. ഇതോടെ മധു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തിയാണ് രാജമ്മയുടെയും സുഭാഷിന്‍റെയും മരണം സ്ഥിരീകരിച്ചത്. രാജമ്മയ്ക്ക് എണ്‍പത്തിയഞ്ചും,സുഭാഷിന് അമ്പത്തിയഞ്ചും വയസാണ് പ്രായം.
രോഗങ്ങളെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്നാണ് പൊലീസിന്‍റെ അനുമാനം. ഹൃദ്രോഗിയായിരുന്നു രാജമ്മ. സുഭാഷിന് അമിത മദ്യപാനത്തെ തുടര്‍ന്ന് ഗുരുതര കരള്‍ രോഗമുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഭാര്യയുമായി അകന്നായിരുന്നു സുഭാഷിന്‍റെ താമസവും. രോഗത്തെ തുടര്‍ന്നാണ് അമ്മയും മകനും മരിച്ചതെന്നാണ് പൊലീസ് അനുമാനം. സംശയാസ്‍പദമായ മറ്റ് തെളിവുകളൊന്നും വീട്ടില്‍ നിന്ന് കിട്ടിയിട്ടില്ല. എങ്കിലും രണ്ട് പേരെയും ഒരേദിവസം മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്തു എന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam