
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. അടിയന്തരമായി 28 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൊലീസ് വാഹനങ്ങളിൽ ഇന്ധനമടിക്കൽ പോലും പ്രതിസന്ധിയിലാകുമെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് കത്ത് നൽകി. പണമില്ലാത്തതിനെതുടര്‍ന്നുല്ള പ്രതിസന്ധി കേസന്വേഷണത്തേയും കാര്യമായി ബന്ധിച്ചിട്ടുണ്ട്.
ഓരോ കേസ് അന്വേഷണത്തിനായും ഒരു ദിവസം തന്നെ നിരവധി തവണയാണ് ഓരോ പൊലീസ് സ്റ്റേഷനിലെയും വാഹനങ്ങള്‍ ഓടുന്നത്. എന്നാല്‍, അതിനുള്ള ഇന്ധനം അടിക്കാന്‍ നട്ടംതിരിഞ്ഞിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം എങ്ങനെ ഓടിപ്പോയി എന്ന് ചോദിച്ചാൽ ഓരോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഓരോ അനുഭവമായിരിക്കും പറയാനുണ്ടാകുക. മൂന്ന് ജീപ്പുള്ള സ്റ്റേഷനിൽ ഒരു ജീപ്പ് മാത്രമാണ് ഓടിയത്. പലപ്പോഴും പൊലീസുകാര്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണമിറക്കിയാണ് ഇന്ധനം അടിച്ചത്. ചിലര്‍ കടം വാങ്ങിയും ഇന്ധനം അടിച്ചു. പുതിയ വര്‍ഷത്തിൽ ഇന്ധന ചെലവിൽ 44 കോടിയാണ് അനുവദിച്ചത്. എന്നാല്‍, കടം തീര്‍ക്കാനും ഇന്ധനമടിക്കാനുമായി തന്നെ 31 കോടി തീര്‍ന്നു. ബാക്കിയുള്ള 13 കോടികൊണ്ട് എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ഡിജിപി സര്‍ക്കാരിനോട് ചോദിക്കുന്നത്.
കട്ടപ്പുറത്തായ പൊലീസ് വണ്ടികള്‍ പുറത്തിറക്കാനും പണമില്ല. തലസ്ഥാനത്ത് കൺട്രോൾ റൂമിലെ 18 വണ്ടിയിൽ ആറെണ്ണം കട്ടപ്പുറത്താണ്. പണി തീര്‍ത്തിറക്കാൻ പണമില്ലാത്തതാണ് പ്രതിസന്ധി. ടയറും സ്പെര്‍പാര്‍ട്സും വാങ്ങിയ വകയിൽ ഒരു കോടിയോളം രൂപ കുടിശ്ശികയുമുണ്ട്. സമാനമായ പ്രശ്നം മറ്റ് ജില്ലകളിലുമുണ്ട്. നൈറ്റ് ലൈഫിന് പിന്നാലെ പിങ്ക് പൊലീസ് ഇടതടവില്ലാതെ ഓടേണ്ട സാഹചര്യമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ പോയി പ്രതികളെ പിടികൂടുന്നതിന് കൈയിൽ നിന്നും ചെലവാക്കുന്ന പണവും പൊലീസുകാർക്ക് കിട്ടുന്നുമില്ല. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് സൈബർ കേസുകളെയാണ്. തിരുവനന്തപുരം നഗരത്തില്‍ ദിവസം ശരാശരി പത്ത് കേസുകളെടുക്കുന്നുണ്ട്.
ഈ വർഷം രജിസ്റ്റർ ചെയ്ത 404 കേസുകളിൽ അഞ്ച് കേസില്‍ മാത്രമാണ് പ്രതികളെ പിടികൂടിയത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനാണ് രണ്ടുകേസിൽ പ്രതികളെ പിടികൂടിയത്. സിപിഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ചതിനാണ് മറ്റൊരു അറസ്റ്റ്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനും തട്ടിപ്പിനുമാണ് മറ്റു രണ്ടുകളിലെ അറസ്റ്റ്. സംസ്ഥാനം വിട്ട് പോകേണ്ട കേസുകളായതിനാൽ തൽക്കാലം അനങ്ങേണ്ടെന്നാണ് മുകളിൽ നിന്നുള്ള നിര്ദ്ദേശം. പണം അനുവദിച്ച് ഇന്ധന പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്.
കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam