
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് കെ എം സി എല്‍ വഴി എത്തിച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ച വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർക്കും മറ്റ് രണ്ടു ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണാസമിതി യോഗം തീരുമാനിച്ചു. ഒരാഴ്‌ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം. ഡയാലിസിസ് യൂണിറ്റിനായി ആദ്യ ഘട്ടത്തിൽ അയച്ച ഉപകരണങ്ങൾ ഡിസംബർ മാസത്തിൽ ആശുപത്രി അധികൃതർ കൈപറ്റിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരുമിച്ചു കൊണ്ട് വന്നാൽ സ്വീകരിക്കുമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞയാഴ്ച എത്തിയ ഡയാലിസിസ് ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ മടക്കിയത്. അതേസമയം, ഡയാലിസിസ് ഉപകരണങ്ങൾ മടക്കിയതിൽ മെഡിക്കൽ ഓഫീസർക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും അനാസ്ഥ കാട്ടി എന്നാരോപിച്ചു ഡിവൈഎഫ്ഐ മാർച്ച് നടത്തി. അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ണ്ണമാകാത്തതിനാലും ഡയാലിസിസ് ഉപകരണങ്ങൾ ഘട്ടം ഘട്ടമായി കൊണ്ടുവരുന്നത് സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുന്നതുകൊണ്ടുമാണ് മടക്കിയതെന്നാണ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ ഷീജയുടെ വാദം.
എന്നാല്‍ എന്തൊക്കെ അനുബന്ധ സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് നേരത്തെ പല തവണ ചോദിച്ചിട്ടും നിഷേധാത്മക നിലപാടാണ് മെഡിക്കല്‍ ഓഫീസറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചിരുന്നു. മലയോര പിന്നോക്കമേഖലയായ വണ്ടൂരിലെ വൃക്കരോഗികളുടെ ഏറെ നാളത്തെ ആവശ്യമാണ് പ്രദേശത്തൊരു ഡയാലിസിസ് യൂണിറ്റ്.
നേരത്തെ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് ഡയാലിസിസ് ഉപകരണങ്ങള്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെടുകയായിരുന്നു. ഏറെ നാളെത്തെ പരിശ്രമത്തിന്റെ ഭാഗമായി ലഭിച്ച ഉപകരണങ്ങള്‍ തിരിച്ചയച്ച മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്ന് ആശുപത്രി വികസനസമിതിയും പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam