
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. കോഴിക്കോട്, താമരശേരി, തലശേരി, കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിലും പ്രതിസന്ധിയുണ്ട്. നാളത്തെ സര്‍വീസുകളെ ഇത് ബാധിച്ചേക്കാം. ബില്ലടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി.
മാമ്പറ്റയില്‍ ഡ്രൈവറെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്തു; പരാതി നല്‍കാതെ പണം നഷ്ടപ്പെട്ടവര്‍, ദുരൂഹത
കോഴിക്കോട്: മാമ്പറ്റയില്‍ പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാമ്പറ്റയിലാണ് സംഭവം നടന്നത്. കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്നിടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കവര്‍ച്ചാ സംഘം കാറ് പിന്നീട് മണാശേരിയില്‍ ഉപേക്ഷിച്ചു.
നാല് ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് ഇവര്‍ എടുത്തതായാണ് വിവരം. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തന്നെ കവര്‍ച്ച നടത്തിയ സംഘവുമായി പണം നഷ്ടപ്പെട്ടവര്‍ തര്‍ക്കിച്ചിരുന്നു. പിന്നീടാണ് കാറില്‍ ഇടിച്ച് പണം തട്ടലും മര്‍ദ്ദനവും ഉണ്ടായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് തട്ടിപ്പിന് ഇരയായവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പരാതി ഇല്ലെന്നുമാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. കവര്‍ച്ചക്ക് ഇരയായവര്‍ക്ക് പണം കവര്‍ന്ന സംഘവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുക്കം പൊലീസിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.