ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപിന് സംശയം; മൂന്ന് ചോദ്യങ്ങൾക്ക് മറുപടി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു

By Web TeamFirst Published Feb 29, 2020, 10:01 AM IST
Highlights

പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെ എതിർക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയിൽ വീണ്ടും കോടതിയില്‍ സംശയങ്ങൾ ഉന്നയിച്ചു നടന്‍ ദിലീപ്. മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി കിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. ദിലീപിന്‍റെ ആവശ്യം കേട്ട കോടതി ഹർജി അംഗീകരിച്ചു. ചോദ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിനു കൈമാറാൻ പ്രത്യേക കോടതി ഉത്തരവിട്ടു.

കോടതി ഉത്തരവില്‍ പ്രോസിക്യൂഷന്‍ എതിര്‍പ്പ് വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം കേൾക്കാതെ ആണ് കോടതി നടപടിയെന്നും പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെ എതിർക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് നോട്ടീസ് നൽകാതെ വാദം കേട്ട നടപടി കോടതി ചട്ടങ്ങളുടെ ലംഘനം എന്നും ചൂണ്ടികാട്ടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്: ഗീതു മോഹൻദാസിന്‍റെ സാക്ഷി വിസ്താരം പൂർത്തിയായി

അതേസമയം കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. എത്താതിരുന്നതിനെത്തുടര്‍ന്നാണ് കോടതി നടപടി. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറന്റ് പുറപ്പെടുവിച്ചത്. ബെയ്‌ലബിള്‍ വാറന്റ് ആണ് കുഞ്ചാക്കോയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. നാലാം തിയതി ഹാജരാകണം എന്നാണ് നിര്‍ദ്ദേശം.

കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കോടതി വാറന്റ് കൈമാറിയത്.സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. അതേസമയം കുഞ്ചാക്കോ ബോബനെക്കൂടാതെ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവര്‍ക്കും ഇന്നലെ വിസ്താരത്തിനായി എത്താന്‍ സമന്‍സ് ഉണ്ടായിരുന്നു. ഇരുവരും ഇന്നലെ കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംയുക്താ വര്‍മ്മയുടെ വിസ്താരം കോടതി ഒഴിവാക്കി. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. അതേസമയം കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിസ്തരിക്കുന്നതും മാര്‍ച്ച് നാലിലേക്ക് മാറ്റിയിട്ടുണ്ട്.

click me!