കൊച്ചി: യുവനടിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ ചലച്ചിത്രതാരം ഗീതു മോഹൻദാസിന്‍റെ സാക്ഷി വിസ്താരം പൂർത്തിയായി. കേസ് വിചാരണയ്ക്കായി രൂപീകരിച്ച കൊച്ചി പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം നടന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് എന്ന നിലയിലാണ് ഗീതു മോഹൻദാസിനെ പ്രോസിക്യൂഷൻ വിസ്തരിച്ചത്.

ഇതിന് ശേഷം പ്രതിഭാഗവും ഗീതു മോഹൻദാസിനെ വിസ്തരിച്ചു. ഈ വിസ്താരത്തിലും നടി നേരത്തെ നൽകിയ മൊഴിയിൽ തന്നെ ഉറച്ച് നിന്നു. 

കേസിൽ സാക്ഷി വിസ്താരത്തിനായി സംയുക്ത വർമയും ഹാജരായെങ്കിലും ഗീതു മോഹൻദാസ് പറഞ്ഞ അതേ കാര്യങ്ങളാണ് ആവർത്തിക്കാനുള്ളത് എന്നതിനാൽ വിസ്തരിക്കണ്ടെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.

ഇതിനിടെ ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകാൻ അസൗകര്യം അറയിച്ച നടൻ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്താനാണ് കൊച്ചി പ്രത്യേക കോടതി തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ നടി മഞ‌്ജു വാര്യരുടെ സാക്ഷി വിസ്താരം പ്രത്യേക കോടതിയിൽ നടന്നിരുന്നു. രഹസ്യ മൊഴിയിൽ നൽകിയ എല്ലാ കാര്യങ്ങളും മഞ‌്ജു സാക്ഷി വിസ്താരത്തിലും ആവർത്തിച്ചത് പ്രോസിക്യൂഷന് നേട്ടമായി. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നൽകി താരസംഘടനയായ അമ്മ നടത്തിയ പരിപാടിയിൽ മഞ്ജു വാര്യർ പറഞ്ഞിരുന്നു. രാവിലെ 11 മണിക്ക് തുടങ്ങിയ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഏതാണ്ട് വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്. 

നടൻ സിദ്ദിഖ്, ബിന്ദു പണിക്കർ, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരുടെ സാക്ഷി വിസ്താരം പിന്നീട് നടക്കും. ഗൂഢാലോചനയിലെ മുഖ്യ പ്രതി ദിലീപ് അടക്കമുള്ള പ്രതികളും സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായിരുന്നു.

ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും.