ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസ്; വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട നടപടി

By Web TeamFirst Published Dec 27, 2022, 9:28 AM IST
Highlights

വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസിലാണ് സിപിഎം നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തു. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്. 

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ  പ്രാദേശിക നേതാവും  ഉൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്, കേസിലെ പ്രതിയായ ജിനേഷിന്റെ കാര്യത്തില്‍ മതിയായ ജാഗ്രത പുലര്‍ത്താത്തതിലാണ് നടപടി. പാര്‍ട്ടി നയസമീപനങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേതൃത്വം താക്കീത് നൽകിയതിന് പിന്നാലെയാണ് നടപടി. അതേസമയം ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ മാറ്റിയത് ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തെത്തിയതിനാലാണ് എന്നാണ് പാര്‍ട്ടി വിശദീകരണം.

16 കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിനേഷ് അടക്കം ആറ് പ്രതികളെയാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴ് പേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു എട്ട് അംഗ സംഘത്തിന്‍റെ രണ്ട് വര്‍ഷത്തോളമായുള്ള പീഡനം. പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിലും പകര്‍ത്തി. 

ജിനേഷ് എം‍ഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും ലഹരി ഉത്പന്നങ്ങൾ കണ്ടെത്താത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരണം. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ ജിനേഷ് സജീവമായിരുന്നു. വിവാഹിതരായ നിരവധി സ്ത്രികൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്‍റെ മൊബൈലിലുണ്ട്. ആര്‍ക്കും പരാതിയില്ലാത്തതിനാൽ അതിനും കേസില്ല. മാരകായുധങ്ങളുടെ ഫോട്ടോയും മൊബൈലിലുണ്ട്. ബര്‍ത്ത് ഡേ കേക്ക് ജിനേഷ് മാരകായുധം കൊണ്ട് മുറിക്കുന്ന ഫോട്ടോയും പുറത്തുവന്നു. വധശ്രമക്കേസിലെ പ്രതിയാണ് ഡബിൾ എംഎയുള്ള ജിനേഷ്. 

click me!