തൊടുപുഴയിൽ മൃ​ഗഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ, നായ ചത്തു

By Web TeamFirst Published Sep 19, 2022, 6:20 PM IST
Highlights

ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ ജഡ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിക്കാൻ ആരംഭിച്ചു. 

കോട്ടയം : തൊടുപുഴയിൽ മൃ​ഗ ഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃ​ഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേൽക്കുന്നത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15 നാണ് കടിയേൽക്കുന്നത്. ഇന്നലെ നായ ചത്തു. ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ ജഡ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഡോക്ടറും  നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിക്കാൻ ആരംഭിച്ചു. 

അതിനിടെ, പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. 

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കണ്ണൂരിലും തൃശൂരിലും സമാനമായ രീതിയിൽ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ ആയിക്കര ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനെ പേയിളകിയതോടെ ദയാവധം നടത്തി. പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ടായിരുന്നു. തൃശൂർ പാലപ്പിള്ളി എച്ചിപ്പാറയിൽ  സമാനമായ രീതിയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. സ്ഥിരീകരിച്ചതോടെ  പൊലീസിന്‍റെയും വെറ്ററിനറി സര്‍ജന്‍റെയും അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. 

ആലപ്പുഴ വണ്ടാനത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. ബുധനാഴ്ച മുതൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടിനെ  കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പേവിഷം ബാധിച്ചെന്ന് വ്യക്തമായതോടെ കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. 

click me!