കാക്കനാട് തെരുവുനായകളെ കൊന്ന കേസ്; തൃക്കാക്കര നഗരസഭക്കെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം

By Web TeamFirst Published Jul 24, 2021, 2:43 PM IST
Highlights

നഗരസഭാ പരിസരത്തെ മാലിന്യസംഭരണ കേന്ദ്രത്തില്‍ കുഴിച്ചിട്ട  30തിലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

കൊച്ചി:  കാക്കനാട് നായയെ തല്ലികോന്ന കേസില്‍ തൃക്കാക്കര നഗരസഭക്കെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം.  നഗരസഭാ പരിസരത്തെ മാലിന്യസംഭരണ കേന്ദ്രത്തില്‍ കുഴിച്ചിട്ട 30തിലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

മൂന്ന് നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ ഇടപെട്ട ഹൈക്കോടതി അമിക്യസ്ക്യുറിയെ നിയമിച്ചിരുന്നു.  ഇവരുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ വാഹന ഉടമയുടെ മൊഴിയെടുത്തപ്പോഴാണ് മറവ് ചെയ്തത് തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലാണെന്ന് അറിയുന്നത്.  മാലിന്യസംഭരണ കേന്ദ്രത്തില്‍ മൂന്ന് നായകളെ കണ്ടെത്താനെത്തിയ അന്വേഷണ സംഘത്തിന് മുപ്പതിലധികം ജ‍ഡങ്ങളാണ് ലഭിച്ചത്.

നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂട്ടത്തോടെ നായകളെ കൊന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വിഷം കുത്തിവെച്ചാണോ കൊന്നതെന്നറിയാല്‍ ലഭിച്ച ജഡങ്ങളെല്ലാം പോസ്റ്റുമാര്‍ട്ടത്തിനയച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നായകളെ പിടികൂടിയതെന്ന് ഡ്രൈവറുടെ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ  അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നായകളെ പിടികൂടിയവരെകുറിച്ച് വിവരം ലഭിച്ചുവെന്നാണ് സൂചന. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതിനിടെ നഗരസഭ ഭരണസമിതിയുടെ അനുവാദത്തോടെയാണ് നായകളെ കൊന്നതെന്നാരോപിച്ച് പ്രതിപക്ഷം നഗരസഭ ഉപരോധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!