
പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് വിവാദത്തിൽ മെമ്മോയ്ക്ക് മറുപടി നൽകി ഡോ. ശിവപ്രസാദ്. സർജറി വിഭാഗം ഒപിയിൽ സമ്മതപത്രം എന്ന നിലയിൽ നോട്ടീസ് പതിച്ചത് താൻ അല്ല എന്നാണ് ഡോക്ടറുടെ മറുപടി. സംഭവത്തിൽ തികച്ചും നിരപരാധിയാണെന്നും പറയുന്നു. ഇന്നലെയാണ് കോളേജ് പ്രിൻസിപ്പൽ ഇമെയിൽ വഴി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഡോക്ടറുടെ മറുപടി തുടർനടപടിക്കായി ഡിഎംഇക്ക് കൈമാറിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം ഇമെയിൽ വഴി നൽകുകയായിരുന്നു. കോന്നി മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയാണ് സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചത്. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളയുകയായിരുന്നു. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam