
മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസ് പ്രതി വിനീഷുമായി പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുന്നു. ദൃശ്യയുടെ വീട്ടിലും കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് ഇന്ന് അന്വേഷണ സംഘം ചെയ്യുക. കുറ്റകൃത്യം വിനീഷ് ഒറ്റയ്ക്ക് തന്നെയാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദൃശ്യയെ കൊല്ലുമെന്ന് വിനീഷ് ചിലരോട് പറഞ്ഞിരുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ഡിവൈഎസ്പി കെ എം ദേവസ്യ പറഞ്ഞു. വിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും. ആരുടെയെങ്കിലും പ്രേരണ വിനീഷിനുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.
അടുക്കള വാതിലിലൂടെയാണ് വിനീഷ് വീട്ടിനകത്തേക്ക് കയറിയത്. മുകളിലത്തെ നിലയിൽ പോയ ശേഷം ദൃശ്യ അവിടെയല്ല കിടക്കുന്നത് എന്ന് മനസിലാക്കിയ വിനീഷ് തിരികെ താഴത്തെ നിലയിലെത്തി. താഴത്തെ നിലയിലെ മുറിയിലായിരുന്നു പെൺകുട്ടി ഉറങ്ങിയിരുന്നത്. കയ്യിൽ ഒരു കത്തിയുണ്ടായിരുന്നെങ്കിലും ദൃശ്യയുടെ വീട്ടിൽ തന്നെയുള്ള ഒരു കത്തിയെടുത്താണ് ആക്രമണം നടത്തിയത്. കയ്യിൽ കരുതിയ കത്തിക്ക് മൂർച്ചയുണ്ടായിരുന്നില്ലെന്നാണ് വിനീഷ് പൊലീസിനോട് പറഞ്ഞത്. ഓടി രക്ഷപ്പെടുന്നതിനിടെ ഈ കത്തി നഷ്ടപ്പെട്ടു, ഇത് കണ്ടെത്തേണ്ടതായിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു.
ഒരു മണിക്കൂർ സമയം വിനീഷ് ദൃശ്യയയുടെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം എന്തൊക്കെ ചെയ്തുവെന്ന് പൊലീസ് വിനീഷിൽ നിന്ന് മനസിലാക്കുകയാണ്. കൊലപാതകത്തിനെത്തിയപ്പോൾ ധരിച്ച ചെരിപ്പ് പെൺകുട്ടിയുടെ വീട്ടിൻ്റെ ടെറസിൽ ഇട്ടിട്ടുണ്ടെന്നും വിനീഷ് മൊഴി നൽകിയിട്ടുണ്ട്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയെ യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെയാണ് ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. ഇവരുടെ അച്ഛന്‍റെ കടക്ക് തീവച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. കുത്തേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ അപകടനില തരണം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam