
മലപ്പുറം: വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസുകാരന്‍ അനന്തുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ആദ്യം മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ പൊതുദർശനത്തിന് വെച്ചിരുന്നു. കണ്ണീരോടെയാണ് സുഹൃത്തുക്കളും അധ്യാപകരും അനന്തുവിന് ആദരാഞ്ജലികള്‍ നേർന്നത്.
അനന്തുവിന് യാത്രാമൊഴിയേകുമ്പോള്‍ നാട്ടുകാരും കണ്ണീരണിഞ്ഞു. വീട്ടിലെ പൊതുദര്‍ശനം ഉടൻ പൂര്‍ത്തിയാകും. ഒരു നാട് മുഴുവൻ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അനന്തു മടങ്ങുമ്പോള്‍ ഒരു നാടൊന്നാകെ കണ്ണീരണിയുകയാണ്.
വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ചത് മൃഗവേട്ടക്കാരൻ ഒരുക്കിയ കെണിയിൽ നിന്നാണെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയായ വിനീഷിനെ അറസ്റ്റ് ചെയ്തു. അതേസമയം, നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബോധപൂർവം സൃഷ്‌ടിച്ച അപകടമെന്ന് സംശയിക്കുന്നതായി മന്ത്രി ശശീന്ദ്രൻ ആരോപിച്ചു. പ്രതിയുടെ ഫോൺരേഖകൾ
പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എകെ ശശീന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ യുഡിഎഫ് രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണെന്നും പിന്‍വലിച്ച് മാപ്പു പറയണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രി എകെ ശശീന്ദ്രന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്ന് വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജി പറഞ്ഞു. മരണം വിറ്റ് നേട്ടം ഉണ്ടാക്കുന്നവരല്ല യുഡിഎഫുക്കാർ. താൻ പഠിപ്പിച്ച കുട്ടി കൂടിയാണ് അനന്തു. എത്ര അസംബന്ധമായ കാര്യമാണ് വനം മന്ത്രി പറയുന്നതെന്നും രജി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam