
തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷാകർത്താക്കളെ അറിയിക്കും. ആ കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ
അധിക ക്ലാസ്സുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30 ന് ഫലപ്രഖ്യാപനം നടത്തും.
സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/വിഷയങ്ങളിൽ വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുക്കണം. ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും.
ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടെയുള്ള അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസ്സുകൾ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥമാർ, അധ്യാപകർ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചപ്പോൾ അവരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിനു പുറമെ എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും പിന്തുണയുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam