
കൊച്ചി: പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് പിന്നാലെ എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക് എംഎൽഎ ഓഫീസ് നഷ്ടമായി. കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. ഇവരെ ചെയർപേഴ്‌സൺ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് എംഎൽഎ ഓഫീസ് എൽദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത്. എംഎൽഎ ഓഫീസിൻ്റെ ബോർഡ് ഇളക്കി മാറ്റി. ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചാണ് കെട്ടിട ഉടമ അരിശം തീർത്തത്.
ഡിസംബർ മാസം ആദ്യമാണ് പെരുമ്പാവൂർ നഗരസഭയിലെ 20ാം വാർഡിലെ വീട്ടിലേക്ക് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഓഫീസ് മാറ്റിയത്. വാടക കരാർ എഴുതിയിരുന്നില്ല. കെട്ടിട ഉടമയുടെ ഭാര്യ ജെസി എജി 20ാം വാർഡിലെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേർ അവകാശ വാദം ഉന്നയിച്ചു. കൗൺസിലർമാരുടെ അഭിപ്രായം തേടിയ ഡിസിസി കെഎസ് സംഗീതയെ അധ്യക്ഷയാക്കി. പിന്നാലെ എംഎൽഎയോട് കെട്ടിടം ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ എംഎൽഎ ഓഫീസിൻ്റെ ബോർഡ് ഇളക്കി റോഡരികിൽ തള്ളിയ നിലയിലായിരുന്നു. ഇറങ്ങിപ്പൊയ്ക്കോളൂ എന്ന നിലപാടിലേക്ക് കെട്ടിട ഉടമ മാറി. ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎൽഎ ഓഫീസ് മാറ്റുമെന്ന് ജീവനക്കാർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam