
കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ എന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു. ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്ക് അവൾ കടന്നുവന്നത് മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. നിയമപോരാട്ടം അവസാനിപ്പിക്കരുത്. സത്യം വിജയിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പി പി ദിവ്യ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പള്‍ സെഷൻസ് കോടതിയുടെ വിധി പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറുവരെയുള്ള പ്രതികള്‍ മാത്രമാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.
ക്രിമിനൽ ഗൂഢാലോചന തെളിയാകാൻ പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. ശിക്ഷാ വിധിയിൽ 12ന് വാദം നടക്കാനിരിക്കെയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്. വിധി അന്തിമം അല്ലെന്നും മേൽകോടതികളുണ്ടെന്നും അന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ ഡിജിപി ബി സന്ധ്യ പ്രതികരിച്ചു.
കേസിലെ കൂട്ടബലാത്സംഗം തെളിഞ്ഞെന്നും അന്വേഷണ സംഘം മികച്ച രീതിയിലാണ് ജോലി ചെയ്തെന്നും പ്രോസിക്യൂഷനും നല്ല ജോലി ചെയ്തുവെന്നും ബി സന്ധ്യ പറഞ്ഞു. നിരവധി വെല്ലുവിളികളാണ് വിചാരണ വേളയിൽ നേരിട്ടത്. അതിജീവിതക്കൊപ്പം ഇനിയും അന്വേഷണ സംഘം ഉണ്ടാകും. ഈ വിധി അന്തിമ വിധിയല്ല. മേൽകോടതികളുണ്ടെന്നും ബി സന്ധ്യ പറഞ്ഞു.