
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17-കാരന്റെ മൊഴി പുറത്ത്. ആഗ്രഹം കൊണ്ടാണ് ജഡ്ജിയായ പിതാവിന്റെ കാർ ഓടിക്കാനെടുത്തതെന്നും നൈറ്റ് ഡ്രൈവിന് പോയതാണെന്നുമാണ് 17-കാരന്റെ മൊഴി. നൈറ്റ് ഡ്രൈവ് കഴിഞ്ഞ് വരുമ്പോൾ മഴ കാരണം സ്കൂട്ടർ കാണാനായില്ല. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ അതാണ് ശ്രദ്ധിച്ചതെന്നും 17-കാരൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അഡീഷണൽ സെഷൻസ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലായിരുന്നു അപകടം. തട്ടുകട നടത്തുന്ന ജയപാലകൃഷ്ണൻ പുലർച്ചെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ കാറോടിച്ച 17-കാരനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ പിതാവിനെതിരേ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത മകൻ പിതാവിന്റെ ഉടമസ്ഥതയിലുള്ള കാറുമായി നിരത്തിലിറങ്ങിയതിനാണ് പിതാവിനെതിരേ കേസെടുക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം, പിതാവോ വീട്ടുകാരോ അറിയാതെയാണ് രാത്രി ഫ്ളാറ്റിൽനിന്ന് കാറുമായി പുറത്തുപോയതെന്നാണ് 17-കാരൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാറിടിച്ച് സ്കൂട്ടർ പൂർണമായും തകർന്നനിലയിലാണ്.
ലൈസൻസില്ലാത്ത 17-കാരൻ അമിതവേഗത്തിൽ ബെൻസ് കാറിൽ ചീറിപ്പാഞ്ഞതോടെ ഇല്ലാതായത് ഒരു ജീവനും ഒരു കുടുംബത്തിന്റെ അത്താണിയുമാണ്. മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ കഴിഞ്ഞ 25 വർഷമായി സൗത്ത് ചേരാനെല്ലൂരിൽ തട്ടുകട നടത്തുകയാണ്. വൈകിട്ട് കട തുറന്നാൽ കച്ചവടം കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതാണ് പതിവ്. ഞായറാഴ്ച പുലർച്ചെയും കട പൂട്ടി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാർ ജയബാലകൃഷ്ണന്റെ ജീവനെടുത്തത്.
മൂന്ന് മക്കളും ഭാര്യയും അടങ്ങുന്നതാണ് ജയബാലകൃഷ്ണന്റെ കുടുംബം. ഇദ്ദേഹത്തെക്കുറിച്ചും ഇദ്ദേഹത്തിന്റെ കടയിലെ ഭക്ഷണത്തെക്കുറിച്ചും നാട്ടുകാർക്കും നല്ല അഭിപ്രായമാണ്. സൗമ്യനായി പെരുമാറുന്ന ജയബാലകൃഷ്ണന്റെ വിയോഗം തീരാനഷ്ടമാണെന്നാണ് നാട്ടുകാരും പറയുന്നത്.
ചേരാനല്ലൂരിലെ വാഹനാപകടത്തിൽ 17-കാരന് വാഹനം നൽകിയ ജഡ്ജിക്കെതിരേ ആദ്യം കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിന് പിന്നാലെ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽവെച്ച് അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് ജഡ്ജി സംസാരിച്ചതെന്നും ഇവർ ആരോപിച്ചു.
അഡീ. ജില്ലാ ജഡ്ജി ധാർഷ്ട്യത്തോടെ പെരുമാറി. ഞങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ജഡ്ജിക്കെതിരേ ആദ്യം കേസെടുക്കണം. മൂന്ന് മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യനാണ് ഇല്ലാതായത്. ആ മനുഷ്യൻ ഒരുദിവസം കട തുറന്നില്ലെങ്കിൽ ജീവിതം മുന്നോട്ടുപോകില്ല. 55 വയസ്സിൽ പോകേണ്ട ആളായിരുന്നില്ല. മനഃപൂർവം കൊന്നതാണിത്. മൂന്ന് മക്കൾക്ക് അച്ഛനില്ലാതാക്കി കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിട്ട് അവർ സുഖമായി പറയുകയാണ്, ഞങ്ങളെ ചോദ്യംചെയ്യാൻ നിൽക്കേണ്ടെന്ന്. തെറ്റുപറ്റി എന്ന് പറയുന്നതിന് പകരം ജഡ്ജിയാണെന്ന അഹങ്കാരത്തോടെയാണ് തങ്ങളോട് സംസാരിച്ചതെന്നും ജയലക്ഷ്മി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam