കവിതയ്ക്ക് ആശ്വാസം, സന്തോഷം; ജപ്തി ഭീഷണി നേരിടുന്ന ആശാ വർക്കറുടെ കടബാധ്യത ഏറ്റെടുത്ത് പ്രവാസി മലയാളി

Published : Mar 23, 2025, 01:14 PM ISTUpdated : Mar 23, 2025, 01:18 PM IST
കവിതയ്ക്ക് ആശ്വാസം, സന്തോഷം; ജപ്തി ഭീഷണി നേരിടുന്ന ആശാ വർക്കറുടെ കടബാധ്യത ഏറ്റെടുത്ത് പ്രവാസി മലയാളി

Synopsis

ജപ്തി ഭീഷണിയിലായിരുന്ന ആശാ വർക്കർ കവിത കുമാരിക്ക് പ്രവാസി വ്യവസായിയുടെ സഹായം. കടബാധ്യത മുഴുവൻ ഏറ്റെടുത്ത് സുഗുണൻ.

തിരുവനന്തപുരം: ആകെയുളള സമ്പാദ്യമായ കുഞ്ഞുവീട്ടിൽ നിന്ന് രണ്ട് പെണ്മക്കളോടൊപ്പം തെരുവിലിറങ്ങേണ്ട അവസ്ഥ ഇല്ലാതായതിന്‍റെ സന്തോഷത്തിലാണ് ആശാ വർക്കറായ കവിത കുമാരി. ജപ്തി ഭീഷണിയുടെ നിഴലിൽ കഴിയുന്ന കവിതയെകുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടർന്ന് പ്രവാസി വ്യവസായിയായ പാലക്കാട് സ്വദേശി സുഗുണൻ കവിതയുടെ കടബാധ്യത മുഴുവനായും ഏറ്റെടുക്കുകയായിരുന്നു. 

'എനിക്കും ഒരു കൊച്ചു മകളാണ്. എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുന്നെന്നേയുള്ളൂ'- സുഗുണൻ പറഞ്ഞു. സഹായിക്കാൻ മനസ്സ് കാണിച്ചതിന് വളരെയധികം സന്തോഷമെന്ന് കവിത പ്രതികരിച്ചു. ഈ മാസം 31നുള്ളിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ കിടപ്പാടം നഷ്ടമാകും എന്നതായിരുന്നു കവിതയുടെ അവസ്ഥ. വട്ടിയൂർകാവ് സഹകരണ ബാങ്കിലെ ബാധ്യത ഒറ്റത്തവണ തീർപ്പാക്കാൻ ഒരു ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയത്.

രണ്ട് പെൺമക്കളുമായി ഇനി എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയായിരുന്നു കവിത. ഭർത്താവ് ഉപേക്ഷിച്ചപ്പോഴും തളരാതെ പിടിച്ചു നിന്നു. കയറിക്കിടക്കാൻ കൂരയുണ്ട് എന്നതായിരുന്നു ഏക ആശ്വാസം. 2009 ലാണ് നാലു സെന്‍റ് സ്ഥലത്ത് വട്ടിയൂര്‍ക്കാവ് ഗ്രാമപഞ്ചായത്ത് ധനസഹായത്തോടെ വീട് വച്ചത്. എഴുപതിനായിരം രൂപ പഞ്ചായത്ത് വിഹിതവും ബാക്കി വായ്പയും എടുത്തു. വീടിന്‍റെ പണി പൂർത്തിയാക്കുന്നതിന് മുൻപ് രണ്ടു മക്കളെയും കവിതയെയും ഭർത്താവ് ഉപേക്ഷിച്ചു.

പിന്നീട് ഇങ്ങോട്ട് ആശ വര്‍ക്കര്‍ക്ക് കിട്ടിയ തുച്ഛമായ വരുമാനം കൊണ്ടാണ് കവിതയും രണ്ട് പെണ്‍മക്കളും ജീവിച്ചത്. ജീവിത പ്രയാസങ്ങള്‍ക്കിടെ തിരിച്ചടവ് മുടങ്ങി. പലിശയും ചേർത്ത് ബാങ്കില്‍ ഒരു ലക്ഷത്തി അൻപത്തി എണ്ണായിരം രൂപ കടമായി. നവകേരളീയം കുടിശ്ശിക നിവാരണത്തിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ അടച്ചാൽ മതിയെന്ന് ബാങ്കുകാർ പറഞ്ഞെങ്കിലും കറന്‍റ് ബിൽ പോലും അടയ്ക്കാൻ പണമില്ലാത്ത കവിതയ്ക്ക് അതും സാധ്യമായില്ല. 

ആകെയുള്ള വീടും നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഉറക്കം നഷ്ടമായ കവിതയെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് സന്മനസ്സുള്ള പ്രവാസി. ഇന്ന് തന്നെ തുക കൈമാറുമെന്ന് സുഗുണൻ അറിയിച്ചു. 

'രണ്ട് പെൺമക്കളുമായി എങ്ങോട്ട് പോകും?' ഒരു ലക്ഷം 31നുള്ളിൽ അടയ്ക്കണം, ആശാ പ്രവർത്തക ജപ്തിയുടെ വക്കിൽ

PREV
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'