
കണ്ണൂർ: കണ്ണൂർ സി പി എമ്മിൽ കടുത്ത ഭിന്നത പരസ്യമാക്കി മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കിൽ കലാശിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സി പി എമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ഗോവിന്ദൻ പ്രധാനമായും ആഞ്ഞടിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ തന്നെ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടും അത് അവഗണിക്കുകയാണുണ്ടായത്. തന്റെ ഭാര്യ സ്ഥാനാർത്ഥിയാവണമെന്ന് നേതാവ് തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ തളിപ്പറമ്പിലെ പാർട്ടി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും ആന്തൂരിലെ പ്രവാസി വ്യവസായ സാജന്റെ ആത്മഹത്യയും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വീണ്ടും ചർച്ചയാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നത്. സാജന്റെ മരണത്തിന് ഉത്തരവാദി പി കെ ശ്യാമളയാണെന്ന പ്രചാരണം നാട്ടിൽ ശക്തമാണെന്നും അവരുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയോടും പി കെ ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം പരിശോധിച്ചാൽ ഇത്തരം അനീതികൾ കാണാമെന്നും കെ കെ ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയത് ഒതുക്കാനാണോ എന്ന് സംശയമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, യു ഡി എഫ് ഉൾപ്പെടെയുള്ള മറ്റ് ആർക്കും തന്നെ പിന്തുണയ്ക്കാമെന്നും അറിയിച്ചു. ടി കെ ഗോവിന്ദന്റെ ഈ നീക്കം തളിപ്പറമ്പിലും കണ്ണൂർ ജില്ലയിലും സി പി എമ്മിന് വലിയ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്ന് ഉറപ്പായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam