കരമനയിൽ മീൻ കച്ചവടക്കാരിയുടെ കുട്ട പൊലീസ് തട്ടിത്തെറുപ്പിച്ചില്ലെന്ന് ദൃക്സാക്ഷിയുടെ മൊഴി

By Web TeamFirst Published Aug 26, 2021, 1:04 PM IST
Highlights

ഇന്നലെ വൈകിട്ട് നാലരക്ക് കരമന പാലത്തിനടുത്ത് മീൻ വിൽക്കുമ്പോൾ കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു മീൻ കച്ചവടക്കാരി മേരിപുഷ്പത്തിന്റെ പരാതി.

തിരുവനന്തപുരം: കരമനയിൽ  മീൻ കച്ചവടക്കാരിയുടെ കുട്ട പൊലീസല്ല തട്ടിത്തെറുപ്പിച്ചതെന്ന് ദൃക്സാക്ഷിയുടെ മൊഴി. ഇന്നലെ വൈകിട്ട് നാലരക്ക് കരമന പാലത്തിനടുത്ത് മീൻ വിൽക്കുമ്പോൾ കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു മീൻ കച്ചവടക്കാരി മേരിപുഷ്പത്തിന്റെ പരാതി. എന്നാൽ എസ്ഐയും സംഘവും ജീപ്പിന് പുറത്തിറങ്ങിയില്ലെന്നാണ് പൊലീസ് വിശദീകരണം. ഇത് വ്യക്തമാക്കുന്ന മൊബൈലിൽ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

തൊട്ടടുത്ത കടയിൽ ചായ കുടിച്ച് കൊണ്ടിരുന്ന യൂസഫും പൊലീസിന്റെ വിശദീകരണം ശരിവയ്ക്കുന്നു. മത്സ്യത്തൊഴിലാളിയോട് മാറിയിരിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് യൂസഫ് പറഞ്ഞു. റോഡ് ബ്ലോക്ക് ആകുമെന്നും മാറിയിരിക്കണമെന്നും പൊലീസ് പറഞ്ഞു. എസ് ഐ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആ സമയത്ത് മത്സ്യത്തൊളിലാളി തന്നെ മീൻ റോഡിലിടുകയായിരുന്നു. താൻ ചായകുടിക്കുന്ന സമയത്താണ് ഇത് കണ്ടതെന്നും ചെയ്തത് മോശമാണെന്ന് താനവരോട് പറഞ്ഞിരുന്നുവെന്നും യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; സെക്രട്ടറിയറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധം

സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. ഫോർട്ട് എസി ഷാജിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സംഭവത്തെക്കുറിച്ച്  അന്വേഷിക്കാൻ തൊഴിൽ മന്ത്രി ശിവൻകുട്ടി ലേബർ ഓഫീസറോട് നിർദ്ദേശിച്ചു. എന്നാൽ പൊലീസ് തന്നെയാണ് മീൻ തട്ടിത്തെറിപ്പിച്ചതെന്നും പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് മീൻ കച്ചവടക്കാരി ആവർത്തിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!