
കോന്നി: പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിന്റെ (70) തിരോധാനവുമായി ബന്ധപ്പെട്ട് കോന്നി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഒത്തുതീർപ്പാക്കിയ കേസിൽ മൂപ്പനെ പോലീസ് ചതിച്ച് കുടുക്കിയതാണെന്നും കോടതിയിൽ നിന്ന് സമൻസ് ലഭിച്ച വിഷമത്തിലാണ് അദ്ദേഹം കാടുകയറിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മോഹൻദാസിനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും കണ്ടെത്താനാകാത്ത പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതിഷേധം.
മോഹൻദാസിനെതിരെ 2023-ൽ ഉയർന്ന ഒരു പരാതി കോന്നി പോലീസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കിയിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ അന്ന് പോലീസുകാർ കൈക്കൂലി വാങ്ങിയതായും കേസ് തീർന്നുവെന്ന് തങ്ങളെ വിശ്വസിപ്പിച്ചതായും കുടുംബം പറയുന്നു. എന്നാൽ, കൈക്കൂലി വാങ്ങിയിട്ടും പോലീസുകാർ കളവ് പറയുകയും പിന്നീട് കേസ് ചാർജ് ചെയ്ത് കോടതിയിലേക്ക് അയക്കുകയുമായിരുന്നു. അടുത്തിടെ കോടതിയിൽ നിന്ന് സമൻസ് വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മൂപ്പനും കുടുംബവും അറിയുന്നത്. ഇതിന്റെ കടുത്ത മാനസിക വിഷമത്തിലാണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.
അതേസമയം, പോലീസിനെ പ്രതിക്കൂട്ടിലാക്കി അന്ന് പരാതി നൽകിയ ഗോമതിയും രംഗത്തെത്തിയിട്ടുണ്ട്. താൻ മൂപ്പനെതിരെ നൽകിയ പരാതി അന്ന് തന്നെ സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കിയതാണെന്നും പിന്നീട് കേസ് കോടതിയിൽ എത്തിയതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമാണ് പരാതിക്കാരിയായ ഗോമതി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് കുടുംബത്തിന്റെ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam