
കൊല്ലം: കൊല്ലം സ്വദേശിയായ വിപഞ്ജികയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഒരു വർഷമാകാറായിട്ടും എങ്ങുമെത്താതെ അന്വേഷണം. ഇരുവരുടെയും മരണത്തിൽ നീതി വൈകുന്നതിനാൽ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ സമർപ്പിക്കാൻ കുടുംബം ഒരുങ്ങുന്നു. ഒരുവർഷമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ലെന്നും മുഖ്യമന്ത്രിയെ അടുത്ത ദിവസം തന്നെ കാണുമെന്നും വിപഞ്ജികയുടെ ബന്ധു ശരൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പടക്കം സാഹചര്യത്തിലേക്ക് നയിച്ച പല തെളിവുകളും ലഭിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് കേസന്വേഷണം അനന്തമായി നീളുകയാണെന്ന് ശരൺ പറഞ്ഞു. പ്രതികളുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ശരൺ ചൂണ്ടിക്കാട്ടി.
2025 ജൂലൈ എട്ടിനാണ് ഷാർജയിലെ അൽ നഹ്ദയിലുള്ള ഫ്ലാറ്റിൽ ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക മണിയൻ (32), മകൾ ഒന്നര വയസ്സുള്ള വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടേത് ആത്മഹത്യയാണെന്നും കുഞ്ഞിൻ്റേത് ശ്വാസംമുട്ടിയുള്ള മരണമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇരുവരുടെയും മരണത്തിന് പിന്നിൽ ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരിരകവുമായ പീഡനമാണെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിൻ്റെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം സമീപിച്ചതിനെ തുടർന്ന് ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മറ്റൊരു രാജ്യത്ത് നടന്ന സംഭവമായതിനാൽ സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക് കേസ് കൈമാറി. അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച്, വിപഞ്ചികയുടെ കുടുംബത്തിൻ്റെ മൊഴിയെടുത്തെങ്കിലും പ്രതി ചേർത്തവരുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടന്നില്ല. മറ്റൊരു രാജ്യത്ത് എത്തി അന്വേഷണം നടത്തുന്നതിലെ പ്രായോഗികമായ തടസ്സമാണ് കേസ് ഇഴയാൻ കാരണമായത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായാൽ കേസന്വേഷണം വേഗത്തിലാക്കാൻ കഴിയുമെന്നാണ് വിപഞ്ജികയുടെ കുടുംബം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam