
കല്‍പ്പറ്റ: നെയ്ക്കുപ്പക്കാരുടെ ജീവിത ബദ്ധപ്പാടുകള്‍ക്കിടയില്‍ കാട്ടാനകള്‍ തീര്‍ക്കുന്ന ഭീതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാരിന്റെ പലവിധ പദ്ധതികള്‍, പലതരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഇവയെല്ലാം കണ്ടു മടുത്തിരിക്കെയാണ് ആ നാടിന്റെ ചുമതലയുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ്കുമാര്‍ ഒരു ആശയം മുന്നോട്ട് വെക്കുന്നത്. നാട്ടുകാരും വനംവകുപ്പും ഒരുമിച്ച് നിന്ന് വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള പ്രതിരോധം തീര്‍ക്കാമെന്നതായിരുന്നു ഓഫീസറുടെ ആശയം. കേട്ടപ്പോള്‍ നല്ലതായി തോന്നിയതോടെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥനൊപ്പം നിന്നു. അങ്ങനെ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ നാട്ടുകാരും വനംവകുപ്പും കൈകോര്‍ത്തതോടെ നെയ്ക്കുപ്പയില്‍ തൂക്കുവേലി ഒരുങ്ങി.
വനം-വന്യജീവി വകുപ്പ് 'മിഷന്‍ ഫെന്‍സിങ്ങി'ന്റെ ഭാഗമായി നെയ്ക്കുപ്പ പ്രദേശത്ത് നാലരക്കിലോമീറ്റര്‍ ദൂരത്തിലാണ് താത്കാലിക തൂക്കുവേലി നിര്‍മിച്ചിരിക്കുന്നത്. സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചില്‍ പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ടതാണ് നെയ്ക്കുപ്പ മേഖല.
മുന്‍പ് ഈ ഭാഗത്ത് സാധാരണ സോളാര്‍ കമ്പിവേലി ഉണ്ടായിരുന്നെങ്കിലും ഇത് തകര്‍ത്താണ് ആനകള്‍ നാട്ടിലിറങ്ങിയിരുന്നത്. എന്നാല്‍ തൂക്കുവേലി ഇതിനെല്ലാം പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെയ്ക്കുപ്പ വനസംരക്ഷണസമിതി, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍, വാച്ചര്‍മാര്‍ എന്നിവരോടൊപ്പം പ്രദേശവാസികളും സജീവമായി പങ്കാളികളായതോടെ ആദ്യഘട്ടമെന്നോണം നെയ്ക്കുപ്പ മുതല്‍ മണല്‍വയല്‍വരെ ഒന്നരക്കിലോമീറ്റര്‍ താത്കാലിക തൂക്കുവേലി സ്ഥാപിച്ചു കഴിഞ്ഞു.
പിന്നീട് മണല്‍വയല്‍ മുതല്‍ കക്കോടന്‍ ബ്ലോക്ക് വരെ ഒരുകിലോമീറ്ററും തൂക്കുവേലി നിര്‍മിച്ചിട്ടുണ്ട്. വേലി സ്ഥാപിച്ചതിനുശേഷം കാട്ടാനകള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങിയിട്ടില്ലെന്നാണ് ഇവിടങ്ങളിലെ ജനങ്ങള്‍ പറയുന്നത്. ഇതോടെ മൂന്നാംഘട്ടമെന്നോണം നെയ്ക്കുപ്പമുതല്‍ പാത്രമൂലവരെയുള്ള രണ്ടുകിലോമീറ്റര്‍ കൂടി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരു ചേര്‍ന്ന് തൂക്കുവേലി സ്ഥാപിക്കുകയായിരുന്നു. മണല്‍വയല്‍, പാത്രമൂല, ചെഞ്ചടി, ചങ്ങലമൂല, നെയ്ക്കുപ്പ, കക്കോടന്‍ ബ്ലോക്ക് എന്നീ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ഈ തൂക്കുവേലികൊണ്ട് ഗുണം ലഭിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam