
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാർ ഹോട്ടലില്‍ വെടിവെപ്പ്. ഒജിഎസ് കാന്താരി ബാറില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്. മദ്യപിച്ചിറങ്ങിയ രണ്ട് പേര്‍ ബാറിന്‍റെ ചുമരിലേക്ക് രണ്ട് തവണ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പില്‍ ആർക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ദേശീയപാതയോട് ചേര്‍ന്നുള്ള ഓജി എസ് കാന്താരി ബാറിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘമെത്തിയത്. രണ്ട് മണിക്കൂറോളം ലോക്കൽ ബാറായ താപ്പാനയിൽ ഇരുന്ന് മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിന്‍റെ പണം നൽകി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറിൽ നിന്നും റിവോൾവര്‍ പുറത്തെടുത്ത് ഒരാള്‍ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്പ്പ്. വെടിവപ്പിൽ അങ്കലാപ്പിലായ ജീവനക്കാര്‍ എന്തു വേണമെന്നറിയാതെ നിൽക്കുമ്പോൾ ഇരുവരും കൂളായി പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി.
Also Read: പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ
നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും ഉടനെ പൊലീസിൽ വിവരം അറിയിക്കാൻ ബാര്‍ ജീവനക്കാരോ ബാറുടമയോ തയ്യാറായില്ല. ഏഴ് മണിയോടെയാണ് ബാർ ഉടമകൾ പരാതി നൽകിയത്. സ്ഥലത്ത് എത്തിയ പൊലീസ് ബാറിൻ്റെ ഗേറ്റ് അടച്ച് മുഴുവൻ ജീവനക്കാരുടേയും മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ചു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറും. എക്സൈസ് ഉദ്യോഗസ്ഥരും ബാറിലെത്തി പരിശോധന നടത്തുകയാണ്.
Also Read: യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെൻഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam