
തിരുവനന്തപുരം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നിഗമനം. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് കൂട്ട മരണത്തിന്റെ വിവരം പുറംലോകം അറിയുന്നത്. തട്ടുകട നടത്തുന്ന മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജേഷ്, മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂട്ടനെ തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്.
ദേവകിയുടെ മൃതദേഹം മുൻ വശത്തെ മുറിയിലായിരുന്നു. ഈ മുറിയിലായിരുന്നു മണിക്കുട്ടൻറെ അമ്മ വാസന്തിയും കിടന്നിരുന്നത്. മണിക്കുട്ടന്റെ തട്ടുകടയിലെ ജീവനക്കാരൻ കട തുറക്കാനായി താക്കോൽ വാങ്ങനെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. മണിക്കുട്ടന്റെ അമ്മ വാസന്തിയാണ് വാതിൽ തുറന്നത്. മണിക്കുട്ടനെ വിളിച്ചിട്ടും കിടപ്പ് മുറി തുറന്നില്ല. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബത്തിലെ അഞ്ച് അംഗങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻറെ പ്രാഥമിക വിലയിരുത്തൽ. നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നുവെന്നാണ് മണിക്കുട്ടന്റെ അമ്മ ദേവകിയുടെ മൊഴി. വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് വാസന്തി രാവിലെയാമ് അറിഞ്ഞത്.
കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം മണിക്കുട്ടന്റെ തട്ടുകടയിൽ പരിശോധന നടത്തി 5000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു. ചൊവാഴ്ച പിഴ ഒടുക്കി. ഇന്ന് കട തുറക്കാനിരിക്കെയാണ് കൂട്ട മരണം. കൃഷി ഇറക്കിയതും, പുതിയ വീട് വെച്ചതുമായി ബന്ധപ്പെട്ട് മണികുട്ടന് ചില സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് വിവരം. തട്ടുകടയുടെ വാടകയെ ചൊല്ലി കെട്ടിട ഉടമയുമായി കേസും ഉണ്ട്. ഇക്കാര്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.