
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്ഡഡ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ യഥാർത്ഥ വെടിയുണ്ടകളെന്ന് കണ്ടെത്തൽ. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നവംബർ അവസാന വാരമാണ് ആലപ്പുഴ കാർത്തികപ്പള്ളി എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. ഈ വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കരിയിലകുളങ്ങര പൊലീസ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഇവ മിലിറ്ററിയിൽ പഴയമോഡൽ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ ആണെന്നാണ് കണ്ടെത്തൽ. ഈ വെടിയുണ്ടകൾ പുതിയ തോക്കുകളിൽ ഉപയോഗിക്കാൻ കഴിയില്ല.
അധ്യാപകർ ലഹരി ഉപയോഗം തടയാൻ നടത്തുന്ന സ്കൂൾ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. സുഹൃത്ത് തന്നതാണെന്നായിരുന്നു വിദ്യാർത്ഥി മൊഴി നൽകിയത്. പൊലീസ് അന്വേഷണത്തിൽ സുഹൃത്തായ മറ്റൊരു വിദ്യാർത്ഥിയുടെ ബന്ധു മിലിറ്ററി ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. വെടിയുണ്ടകൾ ശ്രദ്ധയിൽപ്പെട്ട കുട്ടികൾ കൗതുകത്തിന് രണ്ടെണ്ണം എടുക്കുകയും കൂട്ടുകാർക്ക് കൈമാറുകയും ചെയ്തു എന്നാണ് വിലയിരുത്തൽ. എന്നാൽ, ബന്ധുവായ മിലിട്ടറി ഉദ്യോഗസ്ഥന് ഈ വെടിയുണ്ടകൾ കൈവശം വയ്ക്കാവുന്നതാണോ എന്നും എന്തിന് വീട്ടിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചു എന്നതിലുമാണ് വ്യക്തതവരേണ്ടത്. മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും സമാനമായ വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ഇവയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam