തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ ശക്തമായ പ്രതിഷേധം.
കാസർകോട് : തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ ശക്തമായ പ്രതിഷേധം. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ പേര് പരിഗണിക്കുന്നതിൽ ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു നീക്കമെന്നാണ് പ്രധാന വിമർശനം.
ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കണമെന്ന് ഡിസിസി നേരത്തെ തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഈ നിലപാടിൽ മാറ്റമില്ലെന്നും സന്ദീപ് വാര്യരെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കിൽ അതിനെ ശക്തമായി എതിർക്കുമെന്നും പി.കെ. ഫൈസൽ വ്യക്തമാക്കി.
പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നത് പ്രാദേശിക തലത്തിൽ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് ഡിസിസിയുടെ മുന്നറിയിപ്പ്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നു. ജില്ലയിൽ നിന്നുള്ള ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിനൊപ്പം ബാലകൃഷ്ണൻ പെരിയ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


