
തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയിൽ നടക്കും.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തിവരുമ്പോഴാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. റവന്യൂ, വ്യവസായം, ഐ.ടി, ജലവിഭവം എന്നീ സുപ്രധാന വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയായും മികച്ച സേവനം അനുഷ്ഠിച്ചു. കേരളം നേരിട്ട ദുരന്തങ്ങളായ ഓഖി ചുഴലിക്കാറ്റ്, 2018-ലെ മഹാപ്രളയം എന്നിവയുടെ സമയത്ത് റവന്യൂ സെക്രട്ടറി എന്ന നിലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
കേന്ദ്ര സർവീസിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വമാണ് പി.എച്ച്. കുര്യൻ്റേത്. 2009 മുതൽ 2012 വരെ കേന്ദ്ര സർക്കാരിന് കീഴിൽ ഇന്ത്യയുടെ 'കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്സ്' ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു. ക്യാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ അദ്ദേഹം കൈക്കൊണ്ട 'നിർബന്ധിത ലൈസൻസ്' നടപടിയും ജനറിക് മരുന്നുകളുടെ നിർമ്മാണത്തിന് അനുമതി നൽകിയതും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
ഔദ്യോഗിക ജീവിതത്തിന് ശേഷവും പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ആദ്യ ചെയർമാനായി ചുമതല വഹിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ജനപക്ഷത്ത് ഉറച്ചുനിന്ന് സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി അധികാരം എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച ഉദ്യോഗസ്ഥനാണ് പിഎച്ച് കുര്യനെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു. ഉന്നത പദവികൾ വഹിക്കുമ്പോഴും വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചയാളാണ് അദ്ദേഹമെന്നും കാൻസർ മരുന്നുകളുടെ വില കുറക്കുന്നതിലും വലിയ ഇടപെടൽ നടത്തി എന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അനുശോചിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam