പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം: ഡീൻ എം കെ നാരായണന് തരം താഴ്ത്തലും സ്ഥലംമാറ്റവും

Published : Sep 20, 2025, 08:49 PM IST
Sidharthan Death

Synopsis

പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ ആയിരുന്ന എം കെ നാരായണന് തരം താഴ്ത്തലോട് കൂടിയ സ്ഥലംമാറ്റം. അസിസ്റ്റൻ്റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റി. രണ്ടു വർഷത്തെ പ്രമോഷനും തടയും.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ ആയിരുന്ന എം കെ നാരായണന് തരം താഴ്ത്തലോട് കൂടിയ സ്ഥലംമാറ്റം. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. അസിസ്റ്റൻ്റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റി. ഇദ്ദേഹത്തിന്റെ രണ്ടു വർഷത്തെ പ്രമോഷനും തടയും. ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. എം കെ നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗൾട്രി കോളേജിലേക്കുമാണ് സ്ഥലം മാറ്റുന്നത്. നാരായണനെ തരം താഴ്ത്താനും 3 കൊല്ലത്തേക്ക് ഭരണപരമായ ചുമതലകൾ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്‍റ് ശിക്ഷാനടപടികള്‍ തീരുമാനിച്ച് ഇരുവരുടെയും മറുപടി സമർപ്പിക്കാൻ സമയം നല്‍കിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് ശിക്ഷ നടപടി അന്തിമമാക്കിയത്.

2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാർത്ഥന്‍റെ ദേഹത്ത് കണ്ട് മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ വീട്ടുകാർ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളേജിലെ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ കോളേജില്‍ വച്ച് ആംബുലൻസിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായെന്ന വിവരം വീട്ടുകാർ അറിയാൻ ഇടയാക്കിയത്.

പതിനാറാം തീയ്യതി മുതല്‍ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാർത്ഥൻ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചു. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ സഹായിക്കുന്നതായിരുന്നു സർക്കാര്‍ നിലപാടുകള്‍. ഒടുവില്‍ സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികള്‍ ഉണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത