
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുൻ മന്ത്രി വി എൻ വാസവൻ. മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും സർക്കാരുമെന്ന് വി എൻ വാസവൻ വിമർശിച്ചു. ബിജെപി - കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എൻ വാസവൻ അഭിപ്രായപ്പെട്ടു.
തുകൽ സഞ്ചി എന്നർത്ഥമുള്ള ബോഗെറ്റ് എന്ന വാക്കിൽ നിന്നാണ് ബജറ്റ് എന്ന പദം രൂപം എടുത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതിൽ നിർണായകമായ സാമ്പത്തിക രേഖ എന്ന നിലയിൽ ബജറ്റിനുള്ള സ്ഥാനം ഏറെ പ്രധാനമാണ്. എന്നാൽ ഈ സാമ്പത്തിക രേഖ സൂക്ഷിക്കുന്ന തുകൽ സഞ്ചിക്ക് കൊടുക്കുന്ന വിലപോലും കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കാത്ത ആദ്യത്തെ ബജറ്റ് കൂടിയാവും ഈ യുഡിഎഫ് സർക്കാരിന്റേതെന്ന് വി എൻ വാസവൻ പറഞ്ഞു.
മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും അദ്ദേഹത്തിന്റെ സർക്കാരും. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ എടുത്ത പല തീരുമാനങ്ങളിലും ബിജെപിയുമായി കോൺഗ്രസ് സർക്കാരിനുള്ള അവിശുദ്ധ ബന്ധം മനസ്സിലാകുന്നതായിരുന്നു. ഇടതുപക്ഷം ഉയർത്തിയ ഈ വിമർശനം കേരളത്തിലെ ജനങ്ങൾ ശരിവെച്ചു എന്നുള്ളതിന്റെ തെളിവുകളാണ് അവസാനം നടന്ന ദേവസ്വം സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ രാജിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് കാണിക്കുന്നത് തന്നെയാണ് ഇന്ന് അവതരിപ്പിക്കപ്പെട്ട കേരള ബജറ്റ്. കേരളത്തിന്റെ ഖനന മേഖലയിൽ പോലും അദാനിയെ സ്വാഗതം ചെയ്യുന്ന ഈ ബജറ്റ് തികച്ചും ജനദ്രോഹപരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കടന്നുകയറ്റത്തിന് ഉദാഹരണമാണ് ഈ ബജറ്റിൽ പരാമർശിച്ചിരിക്കുന്ന സ്വകാര്യ സർവകലാശാല ബില്ലിലെ കൂടുതൽ ഇളവുകൾ. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ കേന്ദ്രങ്ങൾ കേരളത്തിൽ തുടങ്ങുവാൻ ബജറ്റിൽ പരാമർശം ഉള്ളത് ആകാശവും കൂടി അദാനിക്ക് തീറെഴുതുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തിൽ എത്തിയ ഉടൻതന്നെ ആശാവർക്കർമാരുടെ ഓണറേറിയം 21,000 രൂപയാകും എന്ന് ഘോരഘോരം പ്രസംഗിച്ച യുഡിഎഫ് സർക്കാർ ബജറ്റിൽ ആശാവർക്കർമാരെ പാടെ അവഗണിച്ചു. സ്ത്രീ സുരക്ഷാ പദ്ധതികളെയും ലൈഫ് മിഷൻ പദ്ധതികളെയും പരാമർശിക്കാതെയാണ് ഈ ബജറ്റ് കടന്നു പോയിരിക്കുന്നത്. വയനാട് ടൗൺഷിപ്പിന്റെ തുടർന്നുള്ള പുരോഗതിയെക്കുറിച്ച് നിശബ്ദത പാലിച്ച ബജറ്റ് ഒരു ജനതയെയാണ് പാർശ്വവൽക്കരിക്കുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.
നെഹ്റുവിയൻ കാലഘട്ടത്തിൽ ഉടലെടുത്ത മാതൃകയിലുള്ള പ്ലാനിങ് ബോർഡിനെ പിരിച്ചുവിട്ടു ആണ് നരേന്ദ്ര മോദിയുടെ വികസന മാതൃകയായ നീതി ആയോഗിന്റെ മോഡലിൽ പുതിയ സംവിധാനം വരുവാൻ പോകുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾക്ക് വിരുദ്ധമായി ഒരു ബജറ്റ് വരുന്നു എന്നു പറയുന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ജനത്തെ കബളിപ്പിച്ച് വോട്ട് നേടി എന്നുള്ളത് തന്നെയാണ്. ജനക്ഷേമത്തെ തള്ളിക്കളഞ്ഞുകൊണ്ട് സ്വകാര്യ വ്യക്തികൾക്ക് സംസ്ഥാനത്തെ തീറെഴുതി കൊടുത്തുകൊണ്ടുള്ള ഈ ബജറ്റിനെതിരെ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധങ്ങൾ ഉയരണമെന്നും വി എൻ വാസവൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam