
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടിടി വിനോദന്‍ അറസ്റ്റില്‍. സംഭവത്തില്‍ നിയമനടപടി വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ എട്ട് മാസം മുന്‍പ് നടത്തിയ ഓഡിറ്റിങ്ങിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ടിടി വിനോദന്‍റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വിനോദനെ കണ്ടെത്താനോ സ്വര്‍ണ ഉരുപ്പടികള്‍ തിരിച്ചെടുക്കാനോ കഴിയാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ സമരങ്ങള്‍ മാറ്റിവെക്കുകയാണുണ്ടായത്. ബാലുശ്ശേരി കോട്ട ക്ഷേത്രം കൂടാതെ മറ്റു മൂന്ന് ക്ഷേത്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടമായിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണ ഉരുപ്പടികള്‍ തിരിച്ചേല്‍പ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായും ഇതിനിടയില്‍ വാര്‍ത്ത വന്നിരുന്നു. ശബരിമല സ്വര്‍ണക്കടത്തിന് പിന്നാലെ ഏറെ വിവാദമായ ബാലുശ്ശേരി ക്ഷേത്രത്തിലെ സംഭവത്തില്‍ ഒടുവില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam