
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീണ്‍, അഖില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കേക്കാട് പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടത്. പുന്നയൂര്‍ക്കുളം ചമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷിഫാന്‍ (30) ആണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കല്‍ പരിശോധനക്കായി ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെ വടക്കേക്കാട് ഹെല്‍ത്ത് സെന്‍റെറിലേക്ക് എത്തിച്ചതായിരുന്നു.
ഇരു കൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇയാള്‍ രക്ഷപ്പെട്ടതെന്ന് പറയുന്നു. രണ്ടാഴ്ച മുന്‍പ് പുന്നയൂര്‍ക്കുളം ബാറിനു മുന്നിലുണ്ടായ അടിപിടിയില്‍ വടക്കേകാട് മുരിയന്തടം സ്വദേശി വിഷ്ണു യാദവിന് (24) ചെവിയിലും തലയിലും വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയാണിയാള്‍. നേരത്തെ കാപ്പ കേസ് ഉള്‍പ്പെടെ നിരവധി അടിപിടികേസുകളിലും ഉള്‍പ്പെട്ടയാളാണ്. നാലു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രതിക്കായുള്ള തെരച്ചില്‍ നടത്തിവരികയാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 04872542390 നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam