'350 രൂപയ്ക്ക് പെട്രോള്‍ വാങ്ങി; അതില്‍ 50 രൂപ ജീവനക്കാരന്‍ തട്ടിച്ചു'; മെഷീന്‍ തട്ടിപ്പെന്ന പേരില്‍ വൈറലായി വീഡിയോ

By Web TeamFirst Published Jul 7, 2019, 6:43 PM IST
Highlights

50 രൂപയ്ക്ക് പെട്രോള്‍ വാങ്ങി അതില്‍ അമ്പത് രൂപയുടെ പെട്രോള്‍ ജീവനക്കാരന്‍ തട്ടിച്ചത് കയ്യോടെ പിടികൂടിയ സംഭവമെന്ന പേരില്‍ വൈറലായി ഒരു വീഡിയോ.  

തിരുവനന്തപുരം: 350 രൂപയ്ക്ക് പെട്രോള്‍ വാങ്ങി അതില്‍ അമ്പത് രൂപയുടെ പെട്രോള്‍ ജീവനക്കാരന്‍ തട്ടിച്ചത് കയ്യോടെ പിടികൂടിയ സംഭവമെന്ന പേരില്‍ വൈറലായി ഒരു വീഡിയോ.  വീഡിയോയുടെ ആധികാരികത വ്യക്തമായിട്ടില്ലെങ്കിലും  ഇത്  വ്യാപകമായി പ്രചരിക്കുകയാണ്. പെട്രോള്‍ വില വര്‍ധിക്കുന്നതിനിടയില്‍ ഇത്തരം തട്ടിപ്പുകളും ജനങ്ങളെ കുഴയ്ക്കുകയാണെന്ന തരത്തിലാണ് വീഡിയോക്ക്  ലഭിക്കുന്ന പ്രതികരണങ്ങള്‍.

വിഡിയോയില്‍ കാണുന്നത് പ്രകാരം, 350 രൂപയ്ക്ക് പെട്രോള്‍ ആവശ്യപ്പെട്ട യുവാക്കള്‍ക്ക് അമ്പത് രൂപയുടെ പെട്രോള്‍ കുറവാണ് ലഭിച്ചത്. ഇത് താന്‍ ചെയ്ത തട്ടിപ്പാണെന്ന് വീഡിയോയില്‍ കാണുന്ന പമ്പ് ജീവനക്കാരന്‍ സമ്മതിക്കുന്നു. ഇയാള്‍ ക്ഷമ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മെഷീനില്‍ താന്‍ തട്ടിപ്പ് നടത്തിയെന്നും പെട്രോള്‍ വരാതെ മീറ്റര്‍ ഓടിക്കുകയാണ് ചെയ്തതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അയാള്‍ പറയുന്നു.

എറണാകുളം കോതമംഗലത്തെ ഒരു പെട്രോള്‍ പമ്പാണെന്നാണ് ദൃശ്യങ്ങളില്‍ പമ്പ് ജീവനക്കാരന്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആരാണ് ഈ വീഡിയോ പകര്‍ത്തിയതെന്നോ എപ്പോഴാണ് സംഭവമെന്നോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. എന്നാല്‍ വിഡിയോ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

click me!