
കൊച്ചി: പൊലീസിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്തു. ഊന്നുകൽ സി ഐയെ ഭീഷണിപ്പെടുത്തിയതിനാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോതമംഗലം സി ഐക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ ഒളിവിലിരിക്കെയാണ് ഇൻസ്റ്റഗ്രാമിലെ പുതിയ പോസ്റ്റിലൂടെ അർജുൻ ആയങ്കി, ഊന്നുകൽ സി ഐക്കെതിരെയും ഭീഷണി മുഴക്കിയത്. സ്വർണം പൊട്ടിക്കൽ കേസിലെ പ്രതിയായ അർജുൻ ആയങ്കി തുടർച്ചയായി പൊലീസിനെതിരെ ഭീഷണി മുഴക്കുന്നതിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകുന്ന സൂചന. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണൂ എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ഊന്നുകൽ സി ഐയെ പരസ്യമായി വെല്ലുവിളിച്ചാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ പുതിയ ഇൻസ്റ്റ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചതാണ്. എന്നാൽ അറസ്റ്റ് ചെയ്തേ മതിയാവൂ എങ്കിൽ ചെയ്യൂ. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സി ഐക്കെതിരെ പണി വച്ചിട്ടുണ്ട്. സമയമാകുമ്പോൾ പണി കൊടുക്കും. അങ്ങനെ നീളുന്നതാണ് ഭീഷണി. മെയ് മാസത്തിലാണ് കോതമംഗലത്തെ റിസോർട്ടിൽ വച്ച് അർജുൻ ആയങ്കിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കോതമംഗലം സി ഐയെ കാക്കിയിട്ട് പെൻഷൻ വാങ്ങാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഹൈക്കോടതി അടക്കം അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഭീഷണി ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷിക്കുന്നെന്നും ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണൂ എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam