വൈലത്തൂരിൽ എ എസ് ഐയെ അതിക്രൂരമായി മർദ്ദിച്ച കേസിലെ രണ്ട് പ്രതികളും അറസ്റ്റിലായി. ഒളിവിലായിരുന്ന മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ വച്ചാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം: വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ. ഒളിവിൽ പോയ തിരൂർ സ്വദേശി മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ വച്ചാണ് പിടികൂടിയത്. മൂർച്ചയുള്ള ഏതോ ആയുധം കയ്യിൽ വച്ചാണ് യുവാക്കൾ തന്നെ മർദിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എ എസ് ഐ രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ടു ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മുഹമ്മദ് സഫ്വാൻ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സഫ്വാൻ ആലപ്പുഴയിലേക്ക് ട്രെയിൻ മാർഗം പോയെന്ന വിവരം കിട്ടിയ പൊലീസ് അവിടെവച്ച് പ്രതിയെ പിടികൂടി. ലഹരി ഇടപാടിൽ രണ്ടു വർഷം അബുദാബിയിലെ ജയിലിലിൽ കിടന്നിട്ടുള്ള സഫ്വാനെ നാടുകടത്തിയതായിരുന്നു. നാട്ടിലെത്തിയിട്ടും ലഹരി ഇടപാടും കവർച്ചയും നടത്തി. സ്വന്തം വീട്ടിൽ നിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചെന്ന പരാതിയും സഫ്വാനെതിരെ മുൻപ് ഉണ്ടായിരുന്നതായി കൽപകഞ്ചേരി പൊലീസ് പറയുന്നു.
എഐസ്ഐയെ അക്രമിച്ച കേസിൽ മറ്റൊരു പ്രതി ദിൽഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനും കവർച്ചയ്ക്കും കേസെടുത്തു. മുഖത്ത് സാരമായി പരിക്കേറ്റ എ എസ് ഐ രാമചന്ദ്രൻ ആശുപത്രിയിൽ തുടരുകയാണ്. വൈലത്തൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് ബൈക്കിൽ ഹെൽമറ്റില്ലാതെ എത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ച പൊലീസ്, ഇവരുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ഈ യുവാക്കൾ എ എസ് ഐയെ ക്രൂരമായി മർദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു.












