
തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായി രാജ്യത്തെ കയറ്റുമതി മേഖല. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണമായും നിലച്ചു. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. വിമാന സര്‍വീസുകൾ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയത്.
റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളം തെറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖല. 150 ടൺ പഴം പച്ചക്കറി വിഭവങ്ങളാണ് പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യുന്നത്. ഇതിന്റെ മൂന്നിലൊന്ന് ശതമാനവും തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായി വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഒരു ടൺ പോലും പിന്നീട് കയറ്റുമതി ചെയ്തിട്ടില്ല.
ഗൾഫ് മേഖലയിലേക്കാണ് പ്രധാനമായും പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റുമതി ചെയ്തിരുന്നത്. കർഷകർക്കും കയറ്റുമതിക്കാർക്കും സീസൺ ആയിരുന്ന റംസാൻ വിപണിയും ഇതോടുകൂടി നഷ്ടമായി. പഴം പച്ചക്കറി കയറ്റുമതി മുടങ്ങിയത് വലിയ നഷ്ടമെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. നിലവിൽ ഒമാനിലേക്ക് മാത്രമാണ് വിമാന സർവീസുകൾ നടത്തുന്നത്. അതിൽ തന്നെ വിമാന കമ്പനികൾ സാധാരണ കാർഗോ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. മേഖലയിലെ പ്രതിസന്ധി നീണ്ടു നിന്നാൽ കർഷകർക്കും കയറ്റുമതിക്കാർക്കും ഇനിയും വലിയ നഷ്ടം നേരിടേണ്ടി വരും. കൂടാതെ, ഇവ കുറഞ്ഞ വിലയ്ക്ക് നാട്ടിൽ വിറ്റഴിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam