ഹൈക്കോടതി ജഡ്ജിക്ക് കോഴ നല്‍കാനെന്ന പേരില്‍ പണപ്പിരിവ്; കുപ്പിവെളള നിര്‍മാതാക്കളുടെ സംഘടന വിവാദത്തില്‍

By Web TeamFirst Published Feb 21, 2021, 8:52 AM IST
Highlights

കുപ്പിവെളളത്തിന്‍റെ വില 13 രൂപയില്‍ നിന്ന് ഇരുപത് രൂപയാക്കി ഉയര്‍ത്താനുളള ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് ലഭിക്കുമെന്ന് പറഞ്ഞാണ് പണപ്പിരിവ് നടന്നത്. 

കൊല്ലം: ഹൈക്കോടതി ജഡ്ജിക്ക് കോഴ നല്‍കാനെന്ന പേരില്‍ സംസ്ഥാനത്തെ കുപ്പിവെളള നിര്‍മാതാക്കളുടെ സംഘടനയില്‍ പണപ്പിരിവ്. നേതാക്കളുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുളള തെളിവുകളുമായി സംഘടനയുടെ ഉപാധ്യക്ഷനാണ് പണപ്പിരിവിനെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ കേസ് നടത്തിപ്പിനുളള പണപ്പിരിവ് മാത്രമാണ് നടന്നതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നുമാണ് സംഘടനാ നേതൃത്വത്തിന്‍റെ പ്രതികരണം.

കുപ്പിവെളളത്തിന്‍റെ വില 13 രൂപയില്‍ നിന്ന് ഇരുപത് രൂപയാക്കി ഉയര്‍ത്താനുളള ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് ലഭിക്കുമെന്ന് പറഞ്ഞാണ് പണപ്പിരിവ് നടന്നത്. കേസ് പരിഗണിക്കുന്ന ജ‍ഡ്ജിക്ക് 60 ലക്ഷം രൂപയെങ്കിലും കൈക്കൂലി നല്‍കേണ്ടി വരുമെന്നും അംഗങ്ങള്‍ കഴിയുന്നത് പോലെ പണം നല്‍കണമെന്നുമുളള ആവശ്യവുമായി കുപ്പിവെളള നിര്‍മാതാക്കളുടെ സംഘടനയായ കെപിഡിഎയുടെ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ അംഗങ്ങളെ വിളിച്ചെന്നാണ് വെളിപ്പെടുത്തല്‍. മറ്റേതോ ഇടനിലക്കാര്‍ വഴിയാണ് ഹൈക്കോടതി ജഡ്ജിയെ സമീപിക്കുന്നതെന്ന സൂചനയും സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനോജ്കുമാര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളിലുണ്ട്.

എന്നാല്‍. മനോജ് സംഘടനയില്‍ നിന്ന് രാജിവച്ചയാളാണെന്ന് കെപിഡിഎ നേതൃത്വം വിശദീകരിക്കുന്നു. കുപ്പിവെളളത്തിന്‍റെ വില കൂട്ടണമെന്നുളള ആവശ്യവുമായി ഹൈക്കോടതിയില്‍ നൽകിയിരിക്കുന്ന കേസിൻ്റെ നടത്തിപ്പിനാണ് പണപ്പിരിവ് നടന്നതെന്നും മറിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സംഘടനയുടെ സെക്രട്ടറി വിപിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 

click me!