പൗരത്വ നിയമ ഭേദഗതി: വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് വിയോജിപ്പ് തുറന്ന് പറഞ്ഞ് ജോർജ്ജ് ഓണക്കൂർ

By Web TeamFirst Published Jan 5, 2020, 12:54 PM IST
Highlights

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയിൽ തുടക്കത്തിലേ കല്ലുകടിയെന്ന് വിലയിരുത്തൽ. കിരണ്‍ റിജിജു എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂറുമായി സംസാരിച്ചു. 

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഓണക്കൂർ കേന്ദ്രമന്ത്രിയെ അറിയിച്ചു. 

ജോര്‍ജ് ഓണക്കൂരിന്റെ വീട്ടിലായിരുന്നു കിരണ്‍ റിജിജുവിന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് തുടക്കം പാളി എന്ന് വിലയിരുത്തേണ്ടി വരും. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്നും ജോര്‍ജ് ഓണക്കൂര്‍ മാധ്യങ്ങളോട് പറഞ്ഞു.

അതേസമയം, കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു വിമർശിച്ചു. പൗരത്വം കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങൾക്ക് റോളില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങൾക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരൺ റിജിജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മുമ്പ് പാകിസ്ഥാനി ഗായകൻ അദ്നാൻ സമിക്ക് പൗരത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം നല്ല മുസ്ലീം ആയിരുന്നു എന്നും കിരൺ റിജിജു പറഞ്ഞു.

Also Read: പൗരത്വ നിയമ ഭേദഗതി: കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു

പൗരത്വ നിയമ ഭേദഗതി പ്രചാരണത്തിന്‍റെ ഭാഗമായുള്ള ബിജെപിയുടെ രാജ്യവ്യാപകഗൃഹ സമ്പർക്ക പരിപാടിക്ക് ഇന്ന് തുടക്കമിടുകയാണ്. ദില്ലി ലജ്പത് നഗറിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടിയിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലക്‌നൗവിലും ,വർക്കിഗ് പ്രസിഡന്റ് ജെ പി നദ്ദ ഗാസിയാബാദിലും നേതൃത്വം നൽകും. 15 വരെ നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയിൽ മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. താഴേക്കിടയിലുള്ള പ്രചാരണത്തിന് മുതിർന്ന നേതാക്കൾ നേതൃത്വം നൽകണമെന്ന് ആർഎസ്എസ് നിർദ്ദേശമുണ്ട്‌. ഇതിന് പുറമെ രാജ്യവ്യാപകമായി കൂടുതൽ റാലികളും സംഘടിപ്പിക്കും.

click me!