Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി: കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു

ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ. അനധികൃത കുടിയേറ്റക്കാരെ മാറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്നായിരുന്നു റിജിജുവിന്‍റെ മറുപടി. 

kiren rijiju on citizenship amendment act
Author
Thiruvananthapuram, First Published Jan 5, 2020, 12:06 PM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കമായി. കേന്ദ്രമന്ത്രി കിരൺ റിജിജു സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്‍റെ വീട്ടിൽ എത്തി ജനജാഗ്രതാ സമ്മേളനത്തിന് തുടക്കമിട്ടത്. കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു വിമർശിച്ചു. പൗരത്വം കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങൾക്ക് റോളില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങൾക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരൺ റിജിജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭവന സമ്പര്‍ക്ക പരിപാടിക്കായി തന്‍റെ വസതിയിൽ എത്തിയ കിരൺ റിജിജുവിനോട് നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് ജോർജ് ഓണക്കൂർ അറിയിച്ചു. ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ മാറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്നായിരുന്നു റിജിജുവിന്‍റെ മറുപടി. തമിഴ് അഭയാർഥികൾക്കും മറ്റുള്ളവർക്കും വേണമെങ്കിൽ വേറേ നിയമം ഉണ്ടാക്കാം. ഇപ്പോഴത്തേത് ആ ഉദ്ദേശത്തിലല്ല. മുമ്പ് പാകിസ്ഥാനി ഗായകൻ അദ്നാൻ സമിക്ക് പൗരത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം നല്ല മുസ്ലീം ആയിരുന്നു എന്നും കിരൺ റിജിജു പ്രതികരിച്ചു. 

Also Readപൗരത്വ നിയ ഭേദഗതി: വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് വിയോജിപ്പ് തുറന്ന് പറഞ്ഞ് ജോർജ്ജ് ഓണക്കൂർ

പൗരത്വ നിയമ ഭേദഗതി പ്രചാരണത്തിന്‍റെ ഭാഗമായുള്ള ബിജെപിയുടെ രാജ്യവ്യാപകഗൃഹ സമ്പർക്ക പരിപാടിക്ക് ഇന്ന് തുടക്കമിടുകയാണ്. ദില്ലി ലജ്പത് നഗറിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടിയിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലക്‌നൗവിലും ,വർക്കിഗ് പ്രസിഡന്റ് ജെ പി നദ്ദ ഗാസിയാബാദിലും നേതൃത്വം നൽകും. 15 വരെ നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയിൽ മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. താഴേക്കിടയിലുള്ള പ്രചാരണത്തിന് മുതിർന്ന നേതാക്കൾ നേതൃത്വം നൽകണമെന്ന് ആർഎസ്എസ് നിർദ്ദേശമുണ്ട്‌. ഇതിന് പുറമെ രാജ്യവ്യാപകമായി കൂടുതൽ റാലികളും സംഘടിപ്പിക്കും.

Follow Us:
Download App:
  • android
  • ios