
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് റെയിൽവേയുടെ പ്രത്യേക വികസന പദ്ധതികളുടെ ഭാഗമായാണ് അനുമതി ലഭിച്ചിരിക്കുന്നത്.
എറണാകുളം - തുറവൂർ - ആലപ്പുഴ - അമ്പലപ്പുഴ - കായംകുളം കോറിഡോറിൽ നിലവിൽ ഒരൊറ്റ വരിപ്പാത മാത്രമായി അവശേഷിക്കുന്ന ഏക ഭാഗമാണ് മാരാരിക്കുളം - ആലപ്പുഴ സെക്ഷൻ. ഈ പാതയിലെ മറ്റ് ഭാഗങ്ങളിലെല്ലാം ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാവുകയോ നിലവിൽ പുരോഗമിക്കുകയോ ചെയ്യുകയാണ്. ഈ വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കുമെന്നാണ് റെയിൽവേ വിലയിരുത്തുന്നത്.
യാത്രാ ട്രെയിനുകൾക്ക് പുറമെ പ്രതിവർഷം 2.88 ദശലക്ഷം ടൺ ചരക്കുനീക്കം സുഗമമാക്കാനും ഈ പാതയിലൂടെ സാധിക്കും. കൂടുതൽ യാത്രക്കാരെയും ചരക്കുനീക്കത്തെയും ആകർഷിക്കുന്നതിലൂടെ റെയിൽവേയ്ക്ക് പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാനും സമയക്രമം പാലിക്കാനും യാത്ര കൂടുതൽ വേഗത്തിലാക്കാനും പുതിയ പാത സഹായിക്കും. കൂടാതെ, ഈ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ വലിയൊരു യാത്രാവിപ്ലവത്തിനാണ് പാത സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഇന്ത്യൻ റെയിൽവേയുടെ 'മിഷൻ 3000 എംടി', 'ഹൈ ഡെൻസിറ്റി ട്രാഫിക് നെറ്റ്‌വർക്ക് കോറിഡോർ' എന്നിവയുടെ കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങൾ വിലയിരുത്തുമ്പോൾ ഫിനാൻഷ്യൽ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (FIRR) 3.99 ശതമാനവും എക്കണോമിക് ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (EIRR) 22.30 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പദ്ധതിയുടെ ശക്തമായ സാമ്പത്തിക സുരക്ഷിതത്വത്തെയാണ് കാണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam