
കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരെ കൂടുതല്‍ കരുതലോടെ ചേര്‍ത്ത് പിടിച്ച് സർക്കാര്‍. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിലെ അതിജീവിതർക്കായി ഒരുക്കിയ മാതൃക ടൗൺഷിപ്പിലെ വീടുകളിലെ വൈദ്യുതി–കുടിവെള്ള കണക്ഷനുകളുടെ ആദ്യ മൂന്ന് മാസത്തെ തുക സർക്കാർ വഹിക്കും. പുതിയ വീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കുറയ്ക്കാനും സ്ഥിരതയോടെ ജീവിതം പുനരാരംഭിക്കാനും സഹായകമായ ഒരു നിർണായക തീരുമാനമാണിതെന്ന് വയനാട് കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ തങ്ങൾക്കും വീട് അനുവദിക്കാമോ എന്ന് 15 ലക്ഷം വാങ്ങിയ വീട് വേണ്ടെന്ന് വെച്ച ദുരിതബാധിതർ ഇപ്പോൾ ചോദിക്കുന്നതായി കളക്ടർ പറഞ്ഞു. പണം വാങ്ങി പോയവരിൽ കുറേപ്പേർ ടൗൺഷിപ്പിൽ വീട് അനുവദിക്കാമോ എന്ന് അന്വേഷിച്ച് വരുന്നുണ്ട്. ആദ്യഘട്ടത്തിൽ കുറച്ച് പേരുടെ അപേക്ഷകൾ സ്വീകരിച്ച്, പണം അവർ തിരികെ കൊടുത്ത് വീട് അവർക്ക് നൽകാമെന്ന് സർക്കാരിൽ നിന്ന് ഉത്തരവ് നേടിയിട്ടുണ്ട്.
ഇനിയും അപേക്ഷകൾ വന്ന് കൊണ്ടേയിരിക്കുന്നു. ചിലർ ഇവിടെ വന്ന് കരയുന്നുണ്ട്. നമ്മൾ 15 ലക്ഷം വാങ്ങിപ്പോയി മേഡം, എങ്ങനെയെങ്കിലും ഒരുവീട് അനുവദിച്ച് തരാമോ എന്ന് പലരും ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. സ്ഥലത്തിന്‍റെ കാര്യമായാലും സൗകര്യത്തിന്‍റെ കാര്യമായാലും വീടിന്‍റെ ഗുണമേന്മയുടെ കാര്യത്തിലായാലും ഗുണഭോക്താക്കൾ തൃപ്തരാണെന്നും കുറച്ച് പേർ പണം റീഫണ്ട് ചെയ്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
ടൗൺഷിപ്പ് പദ്ധതിയിലെ മികച്ച സൗകര്യങ്ങൾ കണ്ടാണ് നേരത്തെ വേണ്ടെന്ന് പറഞ്ഞ കുടുംബങ്ങൾ കൂടി തിരികെ എത്തുന്നത്. കൽപ്പറ്റ നഗരത്തിന് അടുത്തുതന്നെയാണ് ടൗൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനാൽ തന്നെ ദുരന്തബാധിതർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്നും കുടിവെള്ളം, മാലിന്യ സംസ്‌കരണം, റോഡ്, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഒരുക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam