മെഡി. കോളേജ് ഡോക്ടർമാരുടെ വിരമിക്കൽ പ്രായം കൂട്ടിയേക്കും: എതിർത്ത് പിജി ഡോക്ടർമാർ

By Web TeamFirst Published Sep 5, 2019, 9:43 AM IST
Highlights

ധനവകുപ്പിന്‍റെ പരിഗണനയിലുളള വിഷയത്തില്‍ നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇടതുമുന്നണി യോഗത്തിൽ കൂടി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുക.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്‍ഷൻ പ്രായം ഉയര്‍ത്താൻ ആലോചന. വിരമിക്കൽ പ്രായം അറുപത്തിരണ്ടിൽ  നിന്ന് അറുപത്തഞ്ച് വയസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ധനവകുപ്പിന്‍റെ പരിഗണനയിലുളള വിഷയത്തില്‍ നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇടതുമുന്നണി യോഗത്തിൽ കൂടി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുക.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017ലാണ് മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കൽ പ്രായം അറുപതിൽ നിന്ന് നിന്ന് അറുപത്തിരണ്ട് ആക്കി ഉയര്‍ത്തിയത്. ഒരു വര്‍ഷത്തിനുശേഷം വീണ്ടും വിരമിക്കൽ പ്രായം ഉയര്‍ത്താനാണ് സർക്കാർ നീക്കം. വിദഗ്ധരായ ഡോക്ടര്‍മാര്‍ പലരും വിരമിക്കുന്നത് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സേവനത്തെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തൽ. 

മുതിര്‍ന്ന പല ഡോക്ടര്‍മാരും വിരമിച്ചാൽ പിജി കോഴ്സുകളെ അത് ബാധിക്കുമെന്നും സീറ്റുകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്‍ട്രികേഡറിലെ നിയമനങ്ങള്‍ പലതും വൈകുന്നതും വിരമിക്കൽ പ്രായം വര്‍ധിപ്പിക്കാൻ കാരണമായി സര്‍ക്കാര്‍ പറയുന്നുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പെന്‍ഷൻ പ്രായം കൂട്ടുന്നതാണ് ഉചിതമെന്ന അഭിപ്രായവും സര്‍ക്കാരിനുണ്ട്. 

അതേസമയം, വളരെ ചുരുക്കം ചില ഡോക്ടര്‍മാര്‍ക്കുവേണ്ടിയാണ് വിരമിക്കൽ പ്രായം ഉയര്‍ത്താൻ നീക്കം നടക്കുന്നതെന്നും പുതിയ നിയമനങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും മെഡിക്കല്‍ പിജി അസോസിയേഷൻ പറഞ്ഞു. എന്നാൽ, പെന്‍ഷൻ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും ഇതുവരെ ഉന്നയിച്ചിട്ടില്ല.
 

click me!