ഓണത്തിന് പോക്കറ്റ് കീറും, പച്ചക്കറിക്ക് തീ വില, പാലിന് വില കൂട്ടുമോ?

By Web TeamFirst Published Sep 5, 2019, 9:35 AM IST
Highlights

മഴക്കെടുതിയിൽ സംസ്ഥാനത്തുണ്ടായ കൃഷി നാശവും ജലക്ഷാമം കാരണം തമിഴ്നാട്ടിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂട്ടാൻ ഇടയാക്കി.

കൊച്ചി: ഓണം അടുത്തതോടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. മഴക്കെടുതിയിൽ സംസ്ഥാനത്തുണ്ടായ കൃഷി നാശവും ജലക്ഷാമം കാരണം തമിഴ്നാട്ടിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂട്ടാൻ ഇടയാക്കി. മിൽമ പാലിന്റെ വില ഉയര്‍ത്താനുള്ള ശുപാര്‍ശ അംഗീകരിച്ചാല്‍ ഓണത്തിന് മലയാളികളുടെ കീശ കീറും എന്ന അവസ്ഥയാണ്.

ബീൻസ്, സാവാള, ഏത്തക്കായ, വെളുത്തുള്ളി തുടങ്ങിയവയ്ക്കാണ് ഒരാഴ്ചക്കുള്ളിൽ വില ഏറ്റവും കൂടുതൽ വർദ്ധിച്ചത്. എറണാകുളം പച്ചക്കറി മാർക്കറ്റിൽ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന ബീൻസിനും 24 രൂപയുണ്ടായിരുന്ന സവാളയ്ക്കും വില ഇരട്ടിയിലധികമായി. വെളുത്തുള്ളിക്ക് കിലോ 130 രൂപയും ഇഞ്ചിക്ക് കിലോ 120 രൂപയുമാണ് വില. ഓണ വിഭവങ്ങൾക്ക് ഏറ്റവും കൂടുതൽ വേണ്ടിവരുന്ന ഏത്തക്കായയുടെ വില 60 രൂപവരെയെത്തി. വരും ദിവസങ്ങളിൽ വില ഇനിയും ഉയരും. പച്ചക്കറികളുടെ ലഭ്യതയിലുണ്ടായ കുറവ് വിലക്കയറ്റത്തിനിടയാക്കിയെന്നാണ് കച്ചവടക്കാർ പറയുന്നത്.

ഇതിനിടെ, പാലിന്റെ വില ലിറ്ററിന് അഞ്ചുമുതൽ ഏഴുരൂപവരെ വർദ്ധിപ്പിക്കാൻ മിൽമ ശുപാർശ ചെയ്തു. വില വർദ്ധന അനിവാര്യമാണെന്ന് മിൽമ ഫെഡറേഷൻ സംസ്ഥാന സർക്കാരിനെ അറിയിച്ചു. നിരക്ക് വർധന പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. മിൽമയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെയേ വർദ്ധിപ്പിക്കാറുള്ളൂ. വെള്ളിയാഴ്ച വകുപ്പ് മന്ത്രിയുമായി മിൽമ അധികൃതർ ചർച്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനം.

ഈ ഓണക്കാലത്തും സമൃദ്ധമായി ഓണമുണ്ണാൻ സാധാരണക്കാർ നന്നായിപാടുമെടുമെന്നാണ് വിപണിവില സൂചിപ്പിക്കുന്നത്. അതേസമയം, ഇത്തവണ ഹോർട്ടികോർപ്പിന്‍റെ സ്റ്റാളുകളിൽ വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാകും. ഇതിനായി കൃഷി വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് 500 പച്ചക്കറി സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

click me!