
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക് ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി.
സംസ്ഥാനത്ത് ഗവർണർ--സർക്കാർ പോര് വീണ്ടും രൂക്ഷമായിരിക്കുകയാണെന്ന് വ്യക്തം. ഗവർണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നാളെ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കാലിക്കറ്റ് സർവ്വകലാശാലയിലെ താൽക്കാലിക സിണ്ടിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ ലിസ്റ്റ് ചെയ്തത്. എന്നാൽ മന്ത്രിമാർ നേരിട്ട് ചെന്ന് കണ്ടിട്ടും ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാത്തതോടെയാണ് സർക്കാർ ബിൽ മാറ്റിവെച്ചത്.
അതിനിടെ, തന്നെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമനത്തിന് ശ്രമിച്ച സർക്കാറിന് രോഷത്തോടെ ഗവര്‍ണര്‍ മറുപടി നൽകി. എന്ത് നിയമത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കമെന്നാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുള്ള മറുപടി. നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മീറ്റി രൂപീകരിച്ച് നിയമസഭ പാസാക്കിയ ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിടാത്തതിനാൽ നിയമപ്രാബല്യമില്ലെന്നാണ് രാജ്ഭവൻ നിലപാട്. നിയമനത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണർ ഒക്ടോബറിൽ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതെ സ്വന്തം നിലക്ക് നിയമനവുമായി മുന്നോട്ട് പോകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് നടപടി തുടങ്ങിയതെന്ന് ഫയലുകൾ പുറത്തുവന്നിരുന്നു. മറ്റന്നാൾ വിസിയുടെ കാലാവധി തീരാനിരിക്കെ സർക്കാറിനെ തളളി ഗവർണ്ണർ നിയമനവുമായി മുന്നോട്ട് പോകും. കാലിക്കറ്റിൽ അക്കാദമിക് വിദഗ്ധരെ ചേർത്തുള്ള സിണ്ടിക്കേറ്റിനും ഗവർണ്ണർ നോമിനേറ്റ് ചെയ്യുന്നതോടെ ഭിന്നത കടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam